Top Stories
സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം ഘട്ട രോഗവ്യാപനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞു എന്ന് പറയാനാവില്ല. അത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയം, പരിയാരം മെഡിക്കൽ കോളേജുകളിലെ കോവിഡ് – 19 പരിശോധനാ ലാബുകൾക്ക് ഐസിഎംആർ ന്റെ അംഗീകാരം ലഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ 14 സർക്കാർ ലാബുകളിലും രണ്ട് സ്വകാര്യ ലാബുകളിലുമാണ് കോവിഡ് 19 പരിശോധനാ സൗകര്യമുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലയിലെ പരിയാരം മെഡിക്കൽ കോളേജിലെ ലാബിൽ നാളെ മുതൽ കോവിഡ് – 19 പരിശോധന തുടങ്ങും. നാല് റിയൽ ടൈം പിസിആർ മെഷീനുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ദിവസവും 15 സാമ്പിളുകളും പിന്നീട് 60 സാമ്പിളുകളും ദിവസവും ഇവിടെ പരിശോധിക്കാൻ കഴിയും. പരിശോധനകൾ കൂടുതൽ വേഗത്തിലാക്കാൻ പത്ത് റിയൽ ടൈം യന്ത്രങ്ങൾകൂടി വാങ്ങാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 10 പേർക്കു കൂടി ഇന്ന് (വ്യാഴാഴ്ച) കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാലുപേർക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ രണ്ടുപേർക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.