ഒരു വർഷത്തേക്ക് സ്വകാര്യ ബസ് സർവീസ് നിർത്തിവയ്ക്കാൻ അപേക്ഷ നൽകി ബസുടമകൾ
തിരുവനന്തപുരം : ഒരു വർഷത്തേക്ക് സ്വകാര്യ ബസ് സർവീസ് നിർത്തിവയ്ക്കാൻ അപേക്ഷ നൽകി ബസുടമകൾ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു സീറ്റിൽ ഒരു യാത്രക്കാരനെന്ന നിലിയിൽ സർവീസ് നടത്താൻ സാധിക്കില്ലെന്ന് വ്യക്തമാക്കി പതിനായിരത്തിലധികം ബസ്സുകളുടെ ഉടമകളാണ് സ്റ്റോപ്പേജിന് അപേക്ഷ നൽകിയത്. കൂടാതെ ഒരു വിഭാഗം ബസുകൾ ഗ്യാരേജിൽ തന്നെ തുടർന്നും സൂക്ഷിക്കുന്നതിനുള്ള ജി ഫോം അപേക്ഷയും ഉടമകൾ നൽകിയിട്ടുണ്ട്. നികുതി അടക്കമുള്ള കാര്യങ്ങളിൽ ഇളവ് ലഭിക്കുന്നതിനായാണിത്.
ഒരു മാസമായി ഓടാതെ കിടന്ന ബസുകൾ പ്രവർത്തന ക്ഷമമാക്കി എടുക്കാൻ ഒരു ബസിന് ഏകദേശം 20000 രൂപയെങ്കിലും വേണ്ടി വരും. അതിന് പുറമേയാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം. ഈ സാഹചര്യത്തിൽ ബസ് ഓടിക്കാൻ കഴിയില്ലെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്.
നഷ്ടം നികത്താൻ അധിക ചാർജ് ഈടാക്കുകയോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങൾ നൽകുകയോ വേണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ബസ് ഉടമകളുടെ പേരിലുള്ള വായ്പകൾക്ക് മൊറോട്ടോറിയം, ഡീസലിന് സബ്സിഡി, നികുതി അടക്കാൻ സാവകാശം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ഉടമകൾ സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.