Top Stories
സ്പ്രിംക്ളർ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ;കരാറിനെ എതിർത്ത് കേന്ദ്രം
കൊച്ചി : സ്പ്രിംക്ളർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ എന്നിവരടക്കം നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. സംസ്ഥാന സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വിവര ചോർച്ച ഇല്ലെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ കരാറിലുണ്ടെന്നാണ് സംസ്ഥാനസർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം.
അതേസമയം, കരാർ വ്യക്തി സ്വകാര്യത സംരക്ഷിക്കുമെന്ന് ഉറപ്പാക്കുന്നില്ലെന്നും
വിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കാനുള്ള വ്യവസ്ഥകൾ കരാറിലില്ലന്നും കേന്ദ്ര സർക്കാർ ഇന്നലെ കോടതിയിൽ സത്യവാങ്മൂലം
നൽകി. ഇന്ത്യൻ സംസ്ഥാനങ്ങൾ വിദേശ കമ്പനികളുമായി കരാറിൽ ഏർപ്പെടുന്നത് ഐ.ടി ആക്ടിന് വിധേയമായിട്ടായിരിക്കണം. സ്പ്രിംക്ലർ കരാറിൽ അതുസംബന്ധിച്ച വ്യവസ്ഥകളില്ല. ന്യൂയോർക്ക് കോടതിയിലാണ് കേസ് അടക്കമുള്ളവ നടത്തേണ്ടത്. ഒരു വ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ സെൻസിറ്റീവ് ഡേറ്റയാണ്. അത് സർക്കാർ സംവിധാനങ്ങളാണ് കൈകാര്യം ചെയ്യേണ്ടതെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല, കോവിഡ് 19 രോഗികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ എൻഐസി (നാഷണൽ ഇൻഫർമാറ്റിക് സെന്റർ) പ്രാപ്തമാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ഇതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്പ്രിംക്ളർ കരാർ സംബന്ധിച്ച ഹർജികൾ പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ പരാമർശങ്ങളാണ് ഹൈക്കോടതി നടത്തിയത്. ഡേറ്റാ സുരക്ഷയെ നിസ്സാരവൽക്കരിച്ചുള്ള സംസ്ഥാന സർക്കാരിന്റെ മറുപടികൾ അപകടകരമാണെന്നും കോടതി നിരീക്ഷിച്ചു. രണ്ട് ലക്ഷം പേരുടെ ഡാറ്റാ കൈകാര്യം ചെയ്യാനുള്ള ശേഷി സർക്കാരിനില്ലേയെന്നും കോടതി വിമർശിച്ചിരുന്നു. ആ പശ്ചാത്തലത്തിലാണ് കരാറിനെ എതിർത്ത് കൊണ്ട് കേന്ദ്രസർക്കാർ സത്യവാങ്മൂലം നല്കിയിരിയ്ക്കുന്നത്.