സ്വകാര്യതാ ലംഘനം ഉണ്ടായാല്‍ സ്പ്രിങ്ക്ളറിനെ വിലക്കുമെന്ന് ഹൈക്കോടതി
കൊച്ചി : കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡേറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കിയതിനുശേഷമേ സ്പ്രിങ്ക്ളറിനു കൈമാറാന്‍ പാടുള്ളൂവെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
സ്വകാര്യതാ ലംഘനം ഉണ്ടായാല്‍ സ്പ്രിങ്ക്ളറിനെ വിലക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്പ്രിങ്ക്ളര്‍ ലോകത്ത് ഒരിടത്തും ആര്‍ക്കും ഒരു വിവരവും കൈമാറരുത്. കരാര്‍ കാലാവധി കഴിഞ്ഞാല്‍ സ്പ്രിങ്ക്ളര്‍ ഡാറ്റ സര്‍ക്കാരിന് തിരിച്ചുനല്‍കണം.
സ്പ്രിങ്ക്ളറിന്റെ കൈവശമുള്ള സെക്കന്‍ഡറി ഡേറ്റ ഡിലീറ്റ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. സ്പ്രിങ്ക്ളര്‍ നേരിട്ടോ അല്ലാതെയോ വിവരങ്ങള്‍ വെളിപ്പെടുത്തരുത്. മൂന്നാഴ്ചയ്ക്കുശേഷം കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കേരള സര്‍ക്കാരിന്റെ പേരോ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നമോ സ്പ്രിങ്ക്ളര്‍ ഒരു കാരണവശാലും പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ പല നടപടികളോടും യോജിപ്പില്ല. സാധാരണ ഗതിയില്‍ കോടതി ഇടപെടുമായിരുന്നു. എന്നാല്‍ കോവിഡിനെതിരെ യുദ്ധം നടക്കുമ്ബോള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.