Top Stories
കോവിഡ് ബാധിച്ച് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട് : കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
ഏപ്രില്‍ 17ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ന്യൂമോണിയ കണ്ടെത്തിയതോടെ മഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.
ഏപ്രില്‍ 21ന് കുട്ടിക്ക് അപസ്മാരം ഉണ്ടായതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ജന്മനാ ഹൃദ്രോഗവും വളര്‍ച്ചക്കുറവും അനുഭവപ്പെട്ടിരുന്ന കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. എന്നാല്‍ കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കള്‍ക്കൊ അടുത്ത ബന്ധുക്കള്‍ക്കൊ കൊറണ ബാധയില്ല. എന്നാല്‍ കുട്ടിയുടെ അകന്ന ഒരു ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.