Top Stories
കോട്ടയത്ത് 2 സ്ത്രീകളുൾപ്പെടെ 3 പേർക്ക് കോവിഡ്
കോട്ടയം : ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍(50), സംക്രാന്തി സ്വദേശിനി(55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്റെ അമ്മ(60) എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.
മൂവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ ആറു പേരാണ് ജില്ലയില്‍ രോഗ ബാധിതരായുള്ളത്.
പനച്ചിക്കാട് സ്വദേശിയായ നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതു പരിഗണിച്ചാണ് ഇദ്ദേഹത്തിന്റെ മാതാവിന്റെ സാമ്പിള്‍ എടുത്തത്. ഇദ്ദേഹത്തിന്റെ പിതാവ് ഉള്‍പ്പെടെ ആറു പേരുടെ ഫലം നെഗറ്റീവാണ്.
മണര്‍കാട് സ്വദേശി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ചരക്ക് ലോറിയുടെ ഡ്രൈവറാണ്. മാര്‍ച്ച് 25ന് മഹാരാഷ്ട്രയില്‍നിന്ന് നാട്ടിലെത്തിയശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീട്ടില്‍ 28 ദിവസം ക്വാറന്റയിനില്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. സംക്രാന്തി സ്വദേശിനി ഒന്നര മാസം മുന്‍പാണ് ഷാര്‍ജയില്‍നിന്ന് എത്തിയത്.
പുതിയതായി രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരെയും സെക്കന്‍ഡറി കോണ്ടാക്ട് പട്ടികയിലുള്ളവരെയും കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.