Top Stories

രാജ്യത്ത് കോവിഡ് ബാധിതർ കാൽ ലക്ഷത്തിലേക്ക്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതർ കാൽ ലക്ഷത്തിലേക്ക്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 24, 506 പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1429 പുതിയ കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചത്. ഇതോടെ കോവിഡ് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം 775 ആയി. 18, 668 പേർ രാജ്യത്ത് നിലവിൽ  ചികിത്സയിലുണ്ട്. 5063 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ദില്ലിയിലും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്. ദില്ലിയില്‍ രോഗ ബാധിതർ 2514 ആയി ഉയര്‍ന്നു. ഇതുവരെ 53 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 18 പേർ മരിച്ചതോടെ മരണ സംഖ്യ 300 കടന്നു. സംസ്ഥാനത്ത് മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായി തുടരുന്നത്. രാജ്യത്ത് ഒരു ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയ ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. 1,02189 പേരെയാണ് ഇതുവരെ പരിശോധിച്ചത്. ഇതിൽ 6718 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ 1755 ആയി.  ചെന്നൈയിലും കോയമ്പത്തൂരും തെങ്കാശിയിലും രോഗബാധിതര്‍ കൂടി.തെങ്കാശിയില്‍ കേരളാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പുളിയന്‍കുടി ഗ്രാമത്തിലാണ് കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിയന്തണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ചെന്നൈ, കോയമ്പത്തൂര്‍, മധുര, സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നാളെ മുതല്‍ നാല് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ഡൌൺ പ്രഖ്യാപിച്ചു. അവശ്യസാധനങ്ങളുടെ ഉള്‍പ്പടെ വില്‍പ്പനയ്ക്ക് വിലക്കുണ്ട്.

ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 2815 ആയി. ഇന്നലെ 191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 15 പേർ മരിച്ചപ്പോൾ അതിൽ 14 അഹമ്മദാബാദിലാണ്. സംസ്ഥാനത്തെ 65 ശതമാനം രോഗികളും അഹമ്മദാബാദിലാണ്. നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളിയായ പൊലീസ് ഉദ്യോഗസ്ഥയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button