Top Stories
ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക്
കൊവിഡ് മരണം ലോകത്ത് രണ്ട് ലക്ഷത്തിലേക്ക് എത്തി. 24 മണിക്കൂറിനിടെ ആറായിരത്തിലധികം പേരാണ് മരിച്ചത്. ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 2826000 കടന്നു. ഒരു ലക്ഷത്തിലധികം ആളുകളാണ് 24മണിക്കൂറിനിടെ രോഗബാധിതരായത്. എട്ട് ലക്ഷത്തോളം ആളുകൾ ലോകത്താകെ രോഗമുക്തരായി.
അമേരിക്കയിൽ മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. പത്ത് ദിവസത്തിനിടെയാണ് മരണസംഖ്യ കാൽ ലക്ഷത്തിൽ നിന്ന് അരലക്ഷമായി വർധിച്ചത്. വെള്ളിയാഴ്ച 1951 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 51,017 ആയി. പകുതിയോളം മരണവും ന്യൂയോർക്കിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ മൊത്തം രോഗബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നിട്ടുണ്ട്.
ഇറ്റലി, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ മരണസംഖ്യ കൂടുകയാണ്. ബ്രിട്ടനിൽ 768 ആളുകളാണ് 24 മണിക്കൂറിനിടെ മരിച്ചത്. സ്പെയിനിൽ 367 മരണവും ഇറ്റലിയിൽ 420 മരണവുമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിൽ 389 മരണമാണ് വെള്ളിയാഴ്ചയുണ്ടായത്. ആകെ മരണം 22,245 ആയി. യുകെയിൽ 19,506 പേർ മരിച്ചു. സ്പെയിനിൽ 22,524 ആണ് ആകെ മരണം. ഇറ്റലിയിൽ മരണസംഖ്യ 25,969.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1752 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4748 പേരുടെ രോഗം ഭേദമായി. 20.5 ശതമാനമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്. 23452 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 723 പേർ ഇതുവരെ രാജ്യത്ത് മരണമടഞ്ഞു.