News

സിനിമാ നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

തിരുവന്തപുരം :  പ്രശസ്ത സിനിമ-നാടക നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. 67വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത നാടകകൃത്ത് ടി.എന്‍.ഗോപിനാഥന്‍ നായര്‍- സൗദാമിനി ദമ്പതികളുടെ മകനായി മലപ്പുറം ജില്ലയിലാണ് ജനിച്ചത്. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തരവനാണ് രവി വള്ളത്തോള്‍.

1976-ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ‘താഴ്‌വരയില്‍ മഞ്ഞുപെയ്തു’ എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങുന്നത്. 1986-ല്‍ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റെതായിരുന്നു. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘വൈതരണി’ എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോള്‍ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ ടി എന്‍ ഗോപിനാഥന്‍ നായരുടെ
തായിരുന്നു സീരിയലിന്റെ തിരക്കഥ. തുടര്‍ന്ന് ഏതാണ്ട് നൂറോളം സീരിയലുകളില്‍ രവി വള്ളത്തോള്‍ അഭിനയിച്ചു.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987-ല്‍ ഇറങ്ങിയ സ്വാതിതിരുനാള്‍ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടര്‍ന്ന് മതിലുകള്‍,കോട്ടയം കുഞ്ഞച്ചന്‍,ഗോഡ്ഫാദര്‍,വിഷ്ണുലോകം,സര്‍ഗം,കമ്മീഷണര്‍ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നല്ലൊരു എഴുത്തുകാരന്‍ കൂടിയായ രവിവള്ളത്തോള്‍ ഇരുപത്തി അഞ്ചോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഭാര്യ-ഗീതാലക്ഷ്മി. രവി വള്ളത്തോളും ഭാര്യയും ചേര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി ‘തണല്‍’ എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button