Top Stories

തിരുവനന്തപുരം-കൊച്ചി ഒന്നര മണിക്കൂർ;സിൽവർ ലൈൻ രൂപരേഖയായി

തിരുവനന്തപുരം: തിരുവനന്തപുരം കാസര്‍കോട് യാത്ര നാല് മണിക്കൂറിനകം സാധ്യമാക്കുന്ന സിൽവർ ലൈൻ റെയില്‍പ്പാതയുടെ രൂപരേഖയായി. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലെ റെയില്‍പ്പാതയില്‍ നിന്ന് മാറിയും തുടര്‍ന്ന് കാസര്‍കോട് വരെ നിലവിലുള്ളതിന് സമാന്തരമായുമായുമാണ് പാത.

ഈ വര്‍ഷം നിര്‍മ്മാണം തുടങ്ങി അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍
ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. 63,941 കോടി രൂപയാണ് പദ്ധതി ചിലവ്.

തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530.6 കിലോമീറ്റര്‍ പിന്നിട്ട് കാസര്‍കോട്ടെത്തുന്ന സില്‍വര്‍ ലൈനിൽ11 സ്റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെയാണ് സ്റ്റേഷനുകള്‍.

തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍നിന്ന് തുടങ്ങി. കഴക്കൂട്ടം, ആറ്റിങ്ങല്‍, കല്ലമ്പലം, പാരിപ്പള്ളി, കൊട്ടിയം, മുഖത്തല, കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂര്‍, മുളക്കുഴ വഴി ചെങ്ങന്നൂരില്‍ പ്രവേശിക്കും. പിരളശ്ശേരി എല്‍.പി.സ്‌കൂളിനു സമീപം വല്ലന റോഡിലെ ടൂട്ടൂസ് ട്രാവല്‍സിനടുത്താണ് ചെങ്ങന്നൂരിലെ നിര്‍ദിഷ്ട സ്റ്റേഷന്‍.

അവിടെനിന്ന് നെല്ലിക്കല്‍ കോയിപ്പുറം, നെല്ലിമല, ഇരവിപേരൂര്‍, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാടപ്പള്ളി,
വാകത്താനം, വെള്ളൂത്തുരുത്തി, പാറയ്ക്കല്‍ കടവ്, കൊല്ലാട്, കടുവാക്കുളം വഴി കോട്ടയത്തേക്ക്. അവിടെ നിലവിലുള്ള സ്റ്റേഷന് തെക്ക് മാറി മുട്ടമ്പലം ദേവലോകം ഭാഗത്താണ് നിര്‍ദിഷ്ട സ്റ്റേഷന്‍. കോട്ടയത്തുനിന്ന് എറണാകുളം കാക്കനാട്ടേക്ക്. അവിടെ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്, തൃശ്ശൂര്‍, തിരൂരില്‍ എത്തും. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ പാതക്ക് സമാന്തരവുമായിരിയ്ക്കും സിൽവർ ലൈൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button