കൊല്ലത്ത് കുളത്തൂപ്പുഴ, ചാത്തന്നൂർ മേഖലകളിൽ കർശന നിയന്ത്രണം
കൊല്ലം : ജില്ലയിൽ കുളത്തൂപ്പുഴ, ചാത്തന്നൂർ എന്നീ മേഖലകളിലുള്ളവർ കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുളത്തൂപ്പുഴ മേഖലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവർ വ്യാപകമായി സമ്പർക്കം നടത്തിയതാണ് പ്രദേശത്തെ ആശങ്കയ്ക്ക് കാരണം. ചാത്തന്നൂരിൽ ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താത്തത് ആശങ്ക വർധിപ്പിക്കുന്നു.
അതേസമയം കൊവിഡ് സ്ഥിരീകരിച്ച ശാസ്താംകോട്ട സ്വദേശിയായ ഏഴ് വയസുകാരിയുടെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട 14 പേർക്കും പരിശോധനാ ഫലം നെഗറ്റീവാണ്. ജില്ലയിൽ ചാത്തന്നൂർ, ശാസ്താംകോട്ട എന്നിവിടങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. കുളത്തൂപ്പുഴ, നിലമേൽ, തൃക്കരുവ, പുനലൂർ മുൻസിപ്പാലിറ്റിയിലെ കാരയ്‌ക്കോട് എന്നീ വാർഡുകളാണ് ജില്ലയിലെ മറ്റ് ഹോട്ട്‌സ്‌പോട്ടുകൾ. ചാത്തന്നൂർ, ശാസ്താംകോട്ട, പോരുവഴി, ത്രിക്കോവിൽവട്ടം, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.
ജില്ലയിൽ ഇപ്പോൾ 9 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1025 പേരാണ് ജില്ലയിൽ ആകെ നിരീക്ഷണത്തിൽ കഴിയുന്നത്. 990 പേര് വീടുകളിലും 35 പേർ ഹോസ്പിറ്റലുകളിലുമാണ്. ജില്ലയിൽ ആകെ 1369 സാമ്പിളുകൾ പരിശോധിച്ചു 1328 എണ്ണം നെഗറ്റീവ് ആണ്. 19 സാമ്പിളുകളുടെ ഫലം ലഭിയ്ക്കാനുണ്ട്.