Top Stories

രാജ്യത്ത് ലോക്ക്ഡൌൺ പൂർണ്ണമായി പിൻവലിയ്ക്കില്ല

ഡൽഹി : രാജ്യത്ത് ലോക്ക്ഡൌൺ പൂർണ്ണമായി പിൻവലിയ്ക്കാനാകില്ലന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  തീവ്രബാധിത മേഖലകളിലും പകർച്ചാസാധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗൺ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് നീണ്ടുനിൽക്കുന്ന പോരാട്ടമാണെന്നും, എന്നാൽ ഗ്രീൻ സോണുകളായ ചില ഇടങ്ങളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകാവുന്നതാണെന്നും പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.

ലോക്ക്ഡൗൺ ഒരു മാസം നീട്ടണമെന്നാണ് ഒഡിഷ ആവശ്യപ്പെട്ടത്. രാജ്യത്തെ ലോക്ക്ഡൗണിൽ ചെറിയ ഇളവുകൾ നൽകുമ്പോൾത്തന്നെ കേസുകളിൽ കുത്തനെ വർദ്ധനയുണ്ടാകുന്നുണ്ട്. ഇത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും ഒഡിഷ ആവശ്യപ്പെട്ടു. ഇന്ന് സംസാരിച്ച നാല് മുഖ്യമന്ത്രിമാർ ലോക്ക്‍ഡൗൺ പിൻവലിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മേഖലകളിലെല്ലാം മെയ് – 3 ന് ശേഷവും ലോക്ക്ഡൗൺ തുടരണമെന്നായിരുന്നു മേഘാലയയുടെ നിലപാട്.

കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയാണ് പങ്കെടുത്തത്.
യോഗത്തിന് മുന്നോടിയായി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ വിളിക്കുകയും ചെയ്തു. ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ യോഗത്തിൽ നിലപാടെടുത്തത്.

രാജ്യമൊട്ടാകെ ഒരുമിച്ച് ലോക്ക്ഡൗണിൽ തുടരുന്ന ഈ സാഹചര്യം മാറ്റി ഹോട്ട്സ്പോട്ടുകളിൽ ലോക്ക്ഡൗൺ തുടർന്ന്, മറ്റ് മേഖലകൾക്ക് ഘട്ടം ഘട്ടമായി ഇളവുകൾ നൽകാനാണ് കേന്ദ്രനീക്കമെന്നാണ് സൂചന. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ചു ലോക്ക്ഡൗൺ നിർദേശങ്ങൾ പ്രഖ്യാപിച്ചേക്കും. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഉയർന്ന നിർദേശങ്ങളെല്ലാം പരിഗണിച്ച് അന്തിമതീരുമാനം പിന്നീട് പ്രഖ്യാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button