കോട്ടയത്ത് കൂടുതൽ ഹോട്ട്സ്പോട്ടുകൾ;നിയന്ത്രണങ്ങൾ കർശനമാക്കി
കോട്ടയം : അഞ്ചുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. ഹോട്ട് സ്പോട്ടുകളിൽ ആരോഗ്യം, ഭക്ഷണ വിതരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ അനുമതിയുള്ളൂ. കൊറോണ സ്ഥിരീകരിച്ചവരുടെ വീടുകൾ സ്ഥിതിചെയ്യുന്ന മേഖലകൾ കണ്ടെയ്ൻമെന്റ് സോണുകളായി നിർണയിച്ചിട്ടുണ്ട്. ഇവിടെ കർശന നിയന്ത്രണം ഉണ്ടാകും. ഇത്തരം മേഖലകളിൽ ഭക്ഷണ വിതരണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ചേർന്ന് ക്രമീകരണം ഏർപ്പെടുത്തും.
നേരത്തെ വിജയപുരം, പനച്ചിക്കാട്, മണർകാട് ഗ്രാമപ്പഞ്ചായത്തുകളും കോട്ടയം നഗരസഭയിലെ രണ്ട്, 20, 29, 36, 37 വാർഡുകളും ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജില്ലയിൽ അഞ്ചുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അയ്മനം, അയർക്കുന്നം, വെള്ളൂർ, തലയോലപ്പറമ്പ്, ഗ്രാമപ്പഞ്ചായത്തുകളെ പുതുതായി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.
ജില്ലയിൽ ഭക്ഷ്യവസ്തുക്കളുടെ നിർമാണ, വിതരണ, വിൽപ്പന കേന്ദ്രങ്ങളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മാത്രമേ തുറക്കാവൂ. സർക്കാർ ഓഫീസുകൾ 33 ശതമാനം ഹാജർ നിലനിർത്തി പ്രവർത്തിക്കാം. ഹോട്ട്സ്പോട്ടുകളിലെ സർക്കാർ ഓഫീസുകൾ തുറക്കേണ്ടതില്ല. അടിയന്തര ആവശ്യങ്ങൾക്കൊഴികെ വാഹനങ്ങൾ നിരത്തിൽ ഇറക്കരുത്.
ജില്ലയിൽ സാമ്പിൾ പരിശോധന വ്യാപകമാക്കും. ഇതിനായി കോട്ടയം മെഡിക്കൽ കോളേജിലെയും തലപ്പാടിയിലെ മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോ-മെഡിക്കൽ റിസർച്ചിലെയും സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു. രോഗപ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ പി.കെ.സുധീർബാബു അറിയിച്ചു.