കോവിഡ് ഫലം മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതം:ആരോഗ്യമന്ത്രി
തിരുവനന്തപുരം : കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. ഇത്തരമൊരു പ്രസ്താവന നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ വൈറോളജി ലാബുകളില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങള്‍ നെഗറ്റീവായാല്‍ സാമ്പിളുകള്‍ അയച്ച ആശുപത്രികള്‍ക്കും പോസിറ്റീവായാല്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കുമാണ് അയയ്ക്കുന്നത്.
പോസിറ്റീവായ കേസുകള്‍ സൂക്ഷ്മ പരിശോധന നടത്തി ഒട്ടും കാലതാമസമില്ലാതെ അതത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ക്ക് അയച്ച് കൊടുക്കുന്നു. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ അതനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലോ ആശുപത്രികളിലോ ഉള്ളയാളിന്റേയോ സാമ്പിളുകളാണ് എടുത്ത് പരിശോധനയ്ക്കായി അയക്കുന്നത്. അതിനാല്‍ തന്നെ ഇവരെ ഉടന്‍ തന്നെ രോഗ പകര്‍ച്ച ഉണ്ടാകാതെ ഐസൊലേഷന്‍ ചികിത്സയിലാക്കാന്‍ സാധിക്കുന്നു. ഇതോടൊപ്പം സമാന്തരമായി കോണ്ടാക്ട് ട്രെയിസിംഗും നടക്കുന്നുണ്ട്.
6 മണിയുടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷം വരുന്ന പോസിറ്റീവ് ഫലങ്ങളും ഒട്ടും വൈകിക്കാതെ ഇതേ നടപടികളാണ് സ്വീകരിക്കുന്നത്. അതേസമയം ഈ കണക്കുകള്‍ കൂടി പിറ്റേദിവസത്തെ പത്രസമ്മേളത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുകയാണ് ചെയ്യുക. അതായത് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി അതത് ജില്ലകളില്‍ അപ്പപ്പോള്‍ വിവരമറിയിക്കുന്നെങ്കിലും ആകെ എണ്ണത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുന്നത് തൊട്ടടുത്ത ദിവസമാണ്. കണക്കില്‍ കൃത്യത ഉണ്ടാകാന്‍ ഇതാണ് ശരിയായ രീതി. ഇതാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. വളരെ സുതാര്യമായാണ് ഈ പ്രക്രിയ നടക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.