Top Stories
പ്രവാസികളുടെ മടങ്ങിവരവ്:നോർക്ക വെബ്സൈറ്റിൽ ആദ്യമണിക്കൂറുകളിൽ പേര് നൽകിയത് ഒന്നരലക്ഷത്തോളം പേർ
തിരുവനന്തപുരം : നാട്ടിലേക്ക് മടങ്ങിവരാൻ താത്പര്യമുള്ള പ്രവാസികൾക്കായി സംസ്ഥാന സർക്കാർ തുടങ്ങിയ നോർക്ക രജിസ്ട്രേഷൻ തുടങ്ങി 15 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യ്തത് ഒന്നര ലക്ഷത്തോളം പ്രവാസികൾ. ഇന്നലെ വൈകിട്ടോടെ ആക്റ്റീവായ ലിങ്കിൽ ഇന്ന് രാവിലെ വരെ രജിസ്റ്റർ ചെയ്യ്തത് 1.47 ലക്ഷം പേർ. ആദ്യ രണ്ട് മണിക്കൂറിൽ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാൻ താത്പര്യമറിയിച്ചു കൊണ്ട് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യ്തത്.
നോർക്ക വെബ്സൈറ്റിൽ രജിസട്രേഷൻ തുടങ്ങി ആദ്യമണിക്കൂറുകളിൽ തന്ന ഒന്നരലക്ഷത്തോളം പേർ മടങ്ങി വരാൻ താത്പര്യമറിയിച്ച് പേര് രജിസ്റ്റർ ചെയ്തതോടെ പ്രവാസികളുടെ വൻതോതിലുള്ള മടങ്ങി വരവിനാവും കേരളം സാക്ഷ്യംവഹിക്കുക. സർക്കാർ എല്ലാ വിധ സൗകര്യങ്ങളും മടങ്ങിവരുന്ന പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പ്രവാസികൾ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷം പേർക്ക് വേണ്ട ക്വാറന്റൈൻ സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്.
സന്ദർശക വിസയിൽ പോയി വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്കാണ് മുൻഗണന. ഗർഭിണികൾക്കും, വൃദ്ധർക്കും, മറ്റ് രോഗങ്ങളാൽ ബുദ്ദിമുട്ടുന്നവർക്കും ആദ്യഘട്ടത്തിൽ നാട്ടിലേക്കെത്താൻ പരിഗണനയുണ്ട്. കോവിഡ് രോഗികളല്ലാത്തവർക്ക് മാത്രമാണ് നാട്ടിലെത്താൻ അവസരം. തിരിച്ചെത്തുന്നവരുടെ
കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്ട്രേഷൻ നടത്തുന്നത്.
നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിയ്ക്കുന്നവർ WWW.NORKAROOTS.ORG എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന
ഇല്ലാത്തതിനാൽ ആരും തിരക്കു കൂട്ടേണ്ടെന്ന് നോർക്ക അധികൃതർ അറിയിച്ചു. മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ നോർക്കയിൽ രജിസ്റ്റർ ചെയ്യുമ്പോൾ കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പ്രവാസികളെ തിരികെയത്തിക്കാൻ നടപടികൾ തുടങ്ങി. പ്രവാസികളുടെ വിവരം ശേഖരിയ്ക്കുന്നതിനായി കൺട്രോൾ റൂമുകൾ തുറന്നു. മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുന്നത്.