Top Stories
ലോക്ക്ഡൌൺ നീട്ടൽ: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
ഡൽഹി : രാജ്യത്ത് കഴിഞ്ഞ ഒരു മാസമായി തുടരുന്ന സമ്പൂർണ്ണ അടച്ചിടൽ മെയ് മൂന്നിന് അവസാനിയ്ക്കാനിരിയ്‌ക്കേ, തുടർ നടപടികൾക്കായി സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളറിയാൻ പ്രധാനമന്ത്രി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. മെയ് മൂന്നിന് ശേഷവും ലോക്ക്ഡൌൺ നീട്ടുന്നതിനെക്കുറിച്ചാകും പ്രധാന ചർച്ച. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കേട്ടിട്ടാകും കേന്ദ്രം ലോക്ക്ഡൌൺ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യം.
കര്‍ണ്ണാടകം. തമിഴ്നാട്, ആന്ധ്രയുള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ കേന്ദ്ര തീരുമാനം അംഗീകരിക്കാം എന്ന നിലപാടിലാണ്.
തെലങ്കാന അടുത്ത ഏഴ് വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് ഛത്തീസ് ഘട്ടിന്‍റെ നിലപാട്. ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നാണ് കേരളത്തിന്റെ നിലപാട്.എന്നാൽ
ഒറ്റയടിക്ക് എല്ലാ ഇളവുകളും ഒന്നിച്ച് അനുവദിക്കരുതെന്നും കേരളം ആവശ്യപ്പെടും.
രാജ്യത്തെ 13 നഗരങ്ങളിൽ രോഗവ്യാപനം ശക്തമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. മുംബൈ, അഹമ്മദാബാദ്, ഇന്ദോർ, പുണെ, ജയ്പുർ, ഹൈദരാബാദ്, താനെ, സൂറത്ത്, ചെന്നൈ, ഭോപാൽ, ആഗ്ര, ജോധ്പൂർ, ഡൽഹി എന്നീ നഗരങ്ങളിലാണ് രോഗബാധ തീവ്രമായിരിക്കുന്നത്. 718 ജില്ലകളിൽ 429 ഇടത്ത് കോവിഡുണ്ടെന്നും 289 ജില്ലകളിൽ കോവിഡ് കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
രോഗവ്യാപന മേഖലകളിൽ അടച്ചിടൽ നിലനിർത്താനും രോഗബാധയില്ലാത്ത മേഖലകളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൂടുതൽ ഇളവുകൾ ഏർപ്പെടുത്താനുമാകും കേന്ദ്രം തയ്യാറാകുക. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ സമ്പൂർണ്ണ അടച്ചിടൽ ഇനി തുടർന്നേക്കില്ല. കേരളം പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായ മദ്യം, ലോട്ടറി തുടങ്ങിയവയുടെ വിൽപ്പന നടക്കാത്തതിൽ വൻ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. ഇതൊക്കെ പ്രധാനമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ സംസ്ഥാനങ്ങൾ വിഷയമാക്കിയേക്കും. അടച്ചിടൽ നിലവിൽ വന്നതിനുശേഷം മൂന്നാംവട്ടമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്.