Top Stories
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (തിങ്കളാഴ്ച) 13 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് ആറുപേർക്കും ഇടുക്കിയിൽ നാലുപേർക്കും പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ തമിഴ്നാട്ടിൽനിന്നു ഒരാൾ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്ക് രോഗബാധ എങ്ങനെയുണ്ടായി എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ് . ബാക്കിയുള്ള ആറുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചതെന്നും
മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാനത്ത് ഇന്ന് 13 പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂരിൽ ആറുപേർക്കും കോഴിക്കോട്ട് നാലുപേർക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 481 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 123 പേർ ചികിത്സയിലാണ്.
20,301 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 19,812 പേർ വീടുകളിലും 489 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നു മാത്രം 104 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 23,271 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 22,537 എണ്ണത്തിൽ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.
ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ളവർ തുടങ്ങി രോഗം പകരാൻ സാധ്യതയുള്ള മുൻഗണനാ ഗ്രൂപ്പിൽനിന്ന് 875 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ 611 സാമ്പിളുകൾ നെഗറ്റീവായി. 3,056 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.