ഇടുക്കിയിൽ സ്ഥിതി ഗുരുതരം:3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഇടുക്കി : ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധനാഫലങ്ങളിൽ ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ തൊടുപുഴ നഗരസഭാ കൗൺസിലറാണ്. മറ്റൊരാൾ തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സാണ്. മൂന്നാമത്തെയാൾ മരിയാപുരം സ്വദേശിയുമാണ്.
ഇതോടെ ഇടുക്കി ജില്ലയിലെ കൊറോണ ബാധിതരുടെ എണ്ണം 17 ആയി. മൂന്നു പേരെയും ഇന്നലെ രാത്രി തന്നെ ആശുപത്രിയിലേക്ക് മാറ്റി. പീരുമേട് എംഎൽഎ ബിജിമോൾ ഉൾപ്പെടെ 1385 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. 300 ൽ അധികം പരിശോധനാ ഫലം ജില്ലയിൽ ലഭിയ്ക്കാനുണ്ട്.
രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് ഇടുക്കി ജില്ലയിൽ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇടുക്കിയിലെ സ്ഥിതി നിലവിൽ ആശങ്ക ജനകമാണെന്ന് ഡീൻ കുര്യാക്കോസ് എം പി പ്രതികരിച്ചു. ജില്ലയിലെ പരിശോധനകളുടെ എണ്ണം കൂട്ടണം. പരിശോധന ഫലം അന്ന് തന്നെ കിട്ടാൻ നടപടി വേണമെന്നും ഡീൻ കുരിയാക്കോസ് ആവശ്യപ്പെട്ടു. ഇടുക്കി ജില്ല ഗ്രീൻ സോൺ ആക്കിയത് തിരിച്ചടിയായെന്നും ഡീൻ പറഞ്ഞു.