രാജ്യത്ത് കൊവിഡ് മരണം ആയിരത്തിലേക്ക്
ഡൽഹി : രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 29,435 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72 പേരുടെ ജീവൻ നഷ്ടമാവുകയും 1,543 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണിത്.
രാജസ്ഥാനിൽ 66 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജയ്പൂർ,ജോധ്പൂർ, അജ്മീർ ,കോട്ട എന്നിവിടങ്ങളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതർ 2328 ആയി. 51 പേരാണ് മരിച്ചത്.
രാജ്യത്ത് 6,869 പേർ കോവിഡ് രോഗമുക്തരായി. ആകെ രോഗികളിൽ 23.33 ശതമാനമാണ് രോഗം ഭേദമായവരുടെ നിരക്ക്. 21,632 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്.
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 8,590 ആയി ഉയർന്നു. 369 പേർ മരിച്ചു. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു. അഹമ്മദാബാദിൽ മാത്രം കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 197 ആയി. ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇതുവരെ 32 സിആർപിഎഫ് ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ മരണസംഖ്യ 50 ആയി. ചണ്ഡീഗഡിൽ മൂന്ന് ഡോക്ടർമാർ അടക്കം ഒൻപത് പേർക്ക് രോഗം കണ്ടെത്തി.
രാജസ്ഥാനിൽ 2,262 പേർക്കും മധ്യപ്രദേശിൽ 2,165 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലും തമിഴ്നാട്ടിലും രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറെ പേർക്ക് രോഗം പിടിപെട്ടു.
മധ്യപ്രദേശിൽ 24 മണിക്കൂറിനിടെ 75 പോസിറ്റീവ് കേസുകളും ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ഈവർഷം നടത്തേണ്ടതില്ലെന്ന് ഉന്നത അധികാര കേന്ദ്രമായ മുക്തി മണ്ഡപ് ശുപാർശ ചെയ്തു.