Top Stories
സർക്കാരിന് തിരിച്ചടി:ശമ്പളം പിടിയ്ക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിയ്ക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്യ്തത്. പ്രത്യേക ഉത്തരവിലൂടെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിയ്ക്കുന്ന നടപടി അനുവദിയ്ക്കാൻ കഴിയില്ലന്നും ശമ്പളം അവകാശമാണെന്നും കോടതി നിരീക്ഷിച്ചു.
സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ് ഉത്തരവിൽ സർക്കാർ പറഞ്ഞിരിയ്ക്കുന്നത്. പിടിയ്ക്കുന്ന പണം എന്തിന് ചിലവഴിയ്ക്കുന്നതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തതയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ശമ്പളം പിടിയ്ക്കുന്നതിനെ അനുകൂലിയ്ക്കാനാകില്ലന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് മെയ് 20 ന് വീണ്ടും പരിഗണിയ്ക്കും.
സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സർക്കാരിന്റെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവിനെതിരേ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. മാറ്റിവെക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ജീവനക്കാർക്ക് ലഭിച്ച പോലെ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിനുള്ള അവസരമില്ല. അതിനാൽ, മാറ്റിവെയ്ക്കൽ യഥാർത്ഥത്തിൽ വെട്ടിക്കുറയ്ക്കലായി മാറുന്നവെന്നുമാണ് ഹർജികളിൽ ആരോപിച്ചിരുന്നത്.