Top Stories
സാലറി കട്ടിനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം : സാലറി കട്ടിനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് അനുസരിച്ച് ജീവനക്കാരുടെ ശമ്പളം പിടിയ്ക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്. സർക്കാർ അർദ്ധസർക്കാർ സഥാപനങ്ങളിലെ ജീവനക്കാർക്കും ഓർഡിനൻസ് ബാധകമാണ്.
ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാൻ ഓർഡിനൻസ് പ്രകാരം സർക്കാരിന് അധികാരമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളം തിരിച്ചുനൽകാൻ ആറ് മാസത്തിനകം തീരുമാനമെടുത്താൽ മതി. ശമ്പളം പിടിയ്ക്കുന്ന സർക്കാർ നടപടി നിയമപരമാക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഓർഡിനൻസ് നിലവിൽ വരുന്നതോടെ നിയമപരമായി സർക്കാരിന് ജീവനക്കാരുടെ 25 % വരെ ശമ്പളം പിടിയ്ക്കാനാകും. ഇനി ഓർഡിനൻസിൻ മേൽ ഗവർണ്ണർ എടുക്കുന്ന നിലപാടാണ് നിർണ്ണായകം.
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിയ്ക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ഇതിനെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്.
കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം നിയമപരമല്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. പിടിക്കുന്ന ശമ്പളം എന്ന് കൊടുക്കുമെന്നും പിടിയ്ക്കുന്നത് എന്തിനാണെന്നും ഉത്തരവിൽ പറയാതിരുന്നതും കോടതിയിലിൽ നിന്ന് തിരിച്ചടിയുണ്ടാകാൻ കാരണമായി. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് കോടതി പരാമർശിച്ചിരുന്നു. എന്നാൽ കോടതി ഉത്തരവിനെതിരെ അപ്പീൽ പോകണ്ട എന്ന് സർക്കാർ തീരുമാനിച്ചിരുന്നു.