Top Stories

കൊച്ചി വാഹനാപകടം: ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനു വേണ്ടിയെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി : മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും അടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍, ഹോട്ടലിലെ സിസിടി ടി വി ദൃശ്യങ്ങളടങ്ങിയ  ഹാര്‍ഡ് ഡിസ്‌ക് മാറ്റിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനു വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നുവെന്നും വിവരമുണ്ട്. ഇതു സംബന്ധിച്ച്‌ സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി.

ഹോട്ടലില്‍ ഉണ്ടായ തര്‍ക്കങ്ങളെ കുറിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഇവിടെ വന്നത് കണ്ടെത്താനാകുമെന്നും അതിനാലാണ് ഹാർഡ് ഡിസ്ക് മാറ്റിയതെന്നുമാണ് ഇന്റലിജന്‍സ് സൂചിപ്പിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുക്കാന്‍ ഒമ്പത് ദിവസം വൈകിയത് വിവാദമായിരുന്നു. ഈ ഐപിഎസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമാണ് ഹോട്ടലുടമയുടെ ചോദ്യം ചെയ്യല്‍ നീണ്ടുപോയത്.

ഫോര്‍ട്ട്‌കൊച്ചി പൊലീസ് സ്‌റ്റേഷനു മുന്നില്‍ തന്നെയുള്ള ഹോട്ടലില്‍ മുമ്ബും നിയമവിരുദ്ധമായി പാര്‍ട്ടികള്‍ നടത്താന്‍ പോലീസ് മൗനസമ്മതം കൊടുത്തതിനു പിന്നിലും ഈ ഉദ്യോഗസ്ഥന്റെ ഇടപെടലായിരുന്നു. കൊച്ചി സിറ്റി പൊലീസില്‍ ഉന്നത പദവി വഹിച്ചിരുന്ന സമയം മുതല്‍ ഇദ്ദേഹം ഹോട്ടലുടമയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ, അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ പൊലീസ് ആസ്ഥാനത്തു നിന്നും കൊച്ചി പൊലീസിന് കര്‍ശന താക്കീതും ലഭിച്ചിരുന്നു.

അതിനിടെ, ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടന്ന ഒക്ടോബര്‍ 31 ന് സിനിമാ മേഖലയിലെ ചില പ്രമുഖരും ഹോട്ടലില്‍ തങ്ങിയതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു പ്രമുഖ സംവിധായകനും അന്ന് അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ചര്‍ച്ചയും അന്നേദിവസം അവിടെവെച്ച്‌ നടന്നിരുന്നു.മോഡലുകളോടൊപ്പം ഉണ്ടായിരുന്ന ഒരാള്‍ക്ക് സംവിധായകനുമായി അടുപ്പമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മോഡലുകള്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരുടെയെങ്കിലും സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് പരിശോധിക്കണം. രഹസ്യ ഇടപാടുകള്‍ ഒളിപ്പിക്കാനാണ് ഡിവിആര്‍ നശിപ്പിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിലെ രണ്ടാം പ്രതിയായ ഹോട്ടല്‍ ഉടമ റോയി ജോസഫ് വയലാട്ട് യുവതികള്‍ അടക്കമുള്ളവര്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കിയതായി പൊലീസ് ആരോപിക്കുന്നു. ഇതു മറച്ചുവെക്കാനാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും റോയിയും ഹോട്ടല്‍ ജീവനക്കാരായ പ്രതികളും ചേര്‍ന്ന് നശിപ്പിച്ചത്. ഹോട്ടലില്‍ നിന്നും ഡിവിആര്‍ മാറ്റിയശേഷം കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് സ്ഥാപിക്കുകയും ചെയ്തു. ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button