Top Stories

സംസ്ഥാനം കടന്നുപോകുന്നത് അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലൂടെ: മുഖ്യമന്ത്രി

തിരുവനന്തപുരം : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാലാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിയ്ക്കാൻ ഓർഡിനൻസ് ഇറക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാവത്താതാണ്. വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി. പ്രതിസന്ധി പരിഹരിക്കാനുള്ള മാർ​ഗങ്ങളിലൊന്ന് എന്ന നിലയിൽ സ‍ർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അടുത്ത അഞ്ച് മാസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു നിയമപ്രാബല്യം പോരാ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ​ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാർ, എം.എൽ.എമാർ എന്നിവരുടെ അലവൻസ് അടക്കമുള്ള പ്രതിമാസ മൊത്ത ശമ്പളം, ഓണറേറിയം ഇവ 30 ശതമാനം ഒരു വർഷത്തേക്ക് കുറവ് ചെയ്യാൻ ‘2020-ലെ ശമ്പളവും ബത്തയും നൽകൽ’ ഭേദഗതി ഓർഡിനൻസ് വിളംബരം ചെയ്യാൻ ഗവർണർക്ക് ശുപാർശ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന അമിനിറ്റീസ് തുകയിലും ഓണറേറിയത്തിലും കുറവ് വരുത്തും.

കൊവിഡ് 19 -ൻ്റെ സാഹചര്യത്തിൽ തദ്ദേശതെരഞ്ഞെടുപ്പിനുള്ള വാർഡ് വിഭജനം പൂർത്തിയാക്കാൻ തടസമുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പുതുതായി ഒരു വാർഡ് രൂപീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് വാർഡ് വിഭജനം നടത്തണം. പക്ഷേ കൊവിഡിൻ്റെ സാഹചര്യത്തിൽ അതു നടക്കില്ല. അതിനാൽ നിലവിലുള്ള വാർഡുകൾ വച്ച് തെരഞ്ഞടുപ്പ് നടത്തണം എന്നാണ് സർക്കാരിന്റെ നിലപാടെന്നും, ഇതിന് നിയമപ്രാബല്യം നൽകുന്നത് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനായി ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കേരളാ പഞ്ചായത്ത് രാജ് ആക്ടിലും കേരളാ മുനിസിപ്പാലിറ്റി ആക്ടിലുമാണ് ഭേദഗതി വരുത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button