സംസ്ഥാനത്ത് ഇന്ന്10 പേർക്കു കൂടി കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (ബുധനാഴ്ച) 10 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലത്ത് ആറുപേർക്കും തിരുവനന്തപുരം, കാസർകോട് എന്നിവിടങ്ങളിൽ രണ്ടുപേർക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേർ ആരോഗ്യ പ്രവർത്തകരും ഒരാൾ മാധ്യമപ്രവർത്തകനുമാണ്. കാസർകോട്ട് രോഗം സ്ഥിരീകരിച്ച രണ്ടുപേരിൽ ഒരാൾ ഒരു ദൃശ്യമാധ്യമ പ്രവർത്തകനാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
കൊല്ലത്ത് 5 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാൾ ആന്ധ്രാപ്രദേശിൽനിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽനിന്ന് വന്നതാണ്. കാസർകോട് രണ്ടുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.
10 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്. കണ്ണൂർ,കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ മൂന്നുപേരും പത്തനംതിട്ടയിൽ ഒരാളുമാണ് രോഗമുക്തി നേടിയത്.
സംസ്ഥാനത്ത് ഇതുവരെ 495 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 20,673 പേർ നിരീക്ഷണത്തിലുണ്ട്. 20,172 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 501 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 84 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതുലരെ 24,952 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 23,880 എണ്ണത്തിൽ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലായി പുലർത്തുന്നവർ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് ശേഖരിച്ച 875 സാമ്പിളുകളിൽ 801 എണ്ണത്തിന്റെ റിസൾട്ട് നെഗറ്റീവാണ്.