കൊച്ചിയിൽ അതീവ ജാഗ്രത; നിയന്ത്രണങ്ങൾ കടുപ്പിക്കും
കൊച്ചി : കൊച്ചി അതീവ ജാഗ്രതയിലേക്ക്. ജില്ലയില്‍ ഉറവിടം അറിയാതെ പതിനേഴ് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പത്ത് പേരുടെയും രോഗകാരണം അവ്യക്തം. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 25 ല്‍ 17 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ഉറവിടം അറിയാത്ത രോഗിയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ കൊച്ചിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ജില്ലാഭരണകൂടം ആലോചിക്കുകയാണ്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കൊച്ചി വെണ്ണല സ്വദേശിയുടെ ഭാര്യ, മൂന്ന് പെണ്‍മക്കള്‍, വീട്ടുജോലിക്കാരി, ഡ്രൈവര്‍ ഉള്‍പ്പടെ 6 പേര്‍ക്ക് കൂടി രോഗം പകര്‍ന്നു. ഇയാളുടെ രോഗത്തിന്‍റെ ഉറവിടം ഇത് വരെയും വ്യക്തമായിട്ടില്ല. ചെല്ലാനത്തെ രോഗം സ്ഥിരീകരിച്ച സ്ത്രീയില്‍ നിന്ന് മൂന്ന് വയസ്സുള്ള കുട്ടി അടക്കം അടുത്ത ബന്ധുക്കളായ മൂന്ന് പേര്‍ക്കും, ബെംഗളൂരുവില്‍ നിന്നെത്തിയ പൈങ്ങാട്ടൂര്‍ സ്വദേശി വഴി മറ്റ് മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ബ്രോഡ്‍വെ മാര്‍ക്കറ്റ് വഴി ഒരാള്‍ക്ക് കൂടി രോഗം പകര്‍ന്നു. കഴിഞ്ഞ ദിവസം മരിച്ച യൂസഫ് സൈഫുദീന്‍റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന മുളവുകാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആലുവ സ്വദേശികളായ വൈദികന്‍റെയും,മറ്റൊരാളുടെയും രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ലാത്തതും ആശങ്കയുണ്ടാക്കുന്നുണ്ട്. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും ആന്‍റിജന്‍ പരിശോധന നിര്‍ബന്ധമാക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.