Top Stories
ഇനി ശമ്പളം പിടിയ്ക്കാം;ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു
തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു. ഇതോടെ ഓർഡിനൻസിന് അംഗീകാരം ലഭിച്ചു. ശമ്പളം പിടിക്കാനുള്ള തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞതിനാലാണ് നിയമത്തിന്റെ പിൻബലം ലഭിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം ഓർഡിനൻസ് ഇറക്കിയത്.
കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷ്യൽ പ്രൊവിഷൻ എന്നാണ് ഓർഡിനൻസിന്റെ പേര്. സംസ്ഥാന ദുരന്തന്തങ്ങളോ, പകർച്ച വ്യാധികളോ പിടിപെട്ടാൽ സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം 25 ശതമാനംവരെ മാറ്റിവെയ്ക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്.
കോവിഡ് വ്യാപനം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം 5 മാസമായി പിടിയ്ക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ സംഘടനകളുടെ ഹർജികൾ പരിഗണിച്ച് ശമ്പളം പിടിക്കുന്നത്
ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതു മറികടക്കാനാണ് ഓർഡിനൻസായി പുതിയ നിയമം കൊണ്ടു വന്നത്. ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളമാണ് മാറ്റി വെക്കുക. പൊതുമേഖല, അർധ സർക്കാർ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം നിയമം ബാധകമാവും.