അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും
കൊച്ചി : ലോക്ക്ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. സംസ്ഥാനത്ത് നിന്നും ഇന്ന് വൈകിട്ട് 6 മണിയ്ക്ക് 1200 അഥിതി തൊഴിലാളികളെയും കൊണ്ടുള്ള ട്രെയിൻ ആലുവയിൽ നിന്നും ഭുവനേശ്വറിലേക്ക് പുറപ്പെടും. ആലുവയിൽ നിന്ന് യാത്ര തുടങ്ങിയാൽ ഭുവനേശ്വറിൽ മാത്രം നിർത്തുന്ന നോൺ സ്റ്റോപ്പ് ട്രെയിൻ ആയിരിയ്ക്കും ഇത്.
അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. ഇവരെ തിരികെയെത്തിക്കാൻ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആദ്യ ട്രെയിൻ ഇന്ന് രാവിലെ തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക് പുറപ്പെട്ടു.
അതിഥി തൊഴിലാളികളെ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രമേ സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന് കേന്ദ്ര നിർദേശമുണ്ട്. ഇതനുസരിച്ചാണ് ജില്ലകളിൽ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. പ്രായമായവർ, കുടുംബമായി താമസിക്കുന്നവർ എന്നിങ്ങനെ മുൻഗണനാക്രമത്തിലാകും രജിസ്റ്റർ ചെയ്തവരെയും കൊണ്ടുപോവുക.