കൊവിഡിന്റെ ഉറവിടം വുഹാനിലെ ലാബ് ആണെന്ന് ട്രംപ്
വാഷിങ്ടൺ : കൊവിഡ് വൈറസിന്റെ ഉറവിടം ചൈനയിലെ വുഹാനിലെ ലാബ് ആണെന്ന് വീണ്ടും ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വുഹാനിലെ വൈറസ് പരീക്ഷണശാലയിൽ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം എന്നതിനെ സംബന്ധിച്ചുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നാണ് ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു ട്രംപ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.
കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്നതിനുള്ള തെളിവുകൾ തന്റെ കൈവശം ഉണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. എന്താണ് തെളിവുകൾ എന്നത് ഇപ്പോൾ പുറത്ത് പറയുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിൽ ചൈനയുമായുള്ള വ്യാപാര കരാറിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും വ്യത്യസ്തമായി ഇടപാടുകൾ നടപ്പിലാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനയുമായുള്ള വ്യാപാരകരാറിൽ കൂടുതൽ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകും. ചൈനീസ് ഉൽപന്നങ്ങൾക്ക് മുകളിൽ ഇനിയും കൂടുതൽ നികുതി ചുമത്തിയേക്കാമെന്നും അമേരിക്കൻ പ്രസിഡന്റ് സൂചിപ്പിച്ചു. അമേരിക്കയും ചൈനയും തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്ന വ്യാപാര യുദ്ധം കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കൂടുതൽ വഷളാവുകയാണ്.