Top Stories

ലോക്ക്ഡൗണിൽ ഇളവുകൾ മൂന്നു സോണുകളായി തിരിച്ച്‌

ന്യൂഡൽഹി : രാജ്യത്ത് ലോക്ക്ഡൌൺ മെയ്‌ 17 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ 3 സോണുകളായി തിരിച്ച് നിയന്ത്രണങ്ങളോടെയുള്ള ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സോണുകളിലും സാമൂഹിക അകലം പാലിക്കണം. ഹോട്ട്സ്പോട്ടുകളിൽ ഇളവുകൾ ബാധകമല്ല.

മൂന്നു സോണുകളിലും പൊതുവായുള്ള നിയന്ത്രണങ്ങൾ. 

വൈകിട്ട് ഏഴ് മണി മുതല്‍ രാവിലെ ഏഴുമണിവരെ പുറത്തിറങ്ങരുത്.
അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പകലും പുറത്തിറങ്ങരുത്.

പൊതുഗതാഗതത്തിനും വിമാന സര്‍വീസിനും വിലക്ക് തുടരും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കില്ല

റെയില്‍, മെട്രോ, വ്യോമ ഗതാഗതം അനുവദിക്കില്ല.

65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, ഗുരുതരരോഗങ്ങളുള്ളവർ,10 വയസ്സിന് താഴെയുള്ളവർ എന്നീ വിഭാഗക്കാർ ആശുപത്രി ആവശ്യങ്ങൾ പോലെയുള്ള അടിയന്തരകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.

അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെ പുറത്തിറങ്ങാം.
മാളുകളും തിയറ്ററുകളും ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബാറുകൾ, ജിമ്മുകൾ എന്നിവ  അടഞ്ഞുകിടക്കും.

രാഷ്ട്രീയ, മത, സാമുദായിക ചടങ്ങുകള്‍,  ആരാധനാലയങ്ങളിലെ സംഘംചേരൽ, പൊതു ആഘോഷങ്ങള്‍, ആളുകൾ കൂട്ടം ചേരുന്ന ചടങ്ങുകൾ എന്നിവ ഒഴിവാക്കണം.

ഹോട്ട് സ്പോട്ടുകളിൽ ഒഴിച്ച്, എല്ലാ സോണുകളിലും ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഒ.പി പ്രവർത്തിക്കാം. സാമൂഹിക അകലം, മാസ്ക് തുടങ്ങിയ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

റെഡ് സോണുകൾക്കുള്ള നിയന്ത്രണങ്ങളും ഇളവുകൾളും 

അവശ്യ സേവനങ്ങള്‍ മാത്രം അനുവദിക്കും. എല്ലാ പ്രവര്‍ത്തനങ്ങളും സാമൂഹിക അകലം പാലിച്ച് മാത്രം. ഹോട്ട്സ്പോട്ടുകളിൽ ഇളവുകൾ ബാധകമല്ല.

അത്യാവശ്യകാര്യങ്ങൾക്ക് വാഹനഗതാഗതത്തിന് അനുമതി. നാല് ചക്രവാഹനങ്ങളിൽ ഡ്രൈവറെക്കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാം, ഇരുചക്രവാഹനങ്ങളിൽ ഒരാൾക്ക് മാത്രമേ അനുമതി ഉള്ളൂ.

സൈക്കിൾ റിക്ഷ, ഓട്ടോറിക്ഷ, ടാക്സി, കാബ്, അന്തർ ജില്ലാ ബസ് സർവീസ് എന്നിവയ്ക്ക് അനുമതിയില്ല.

ബാർബർ ഷോപ്പുകൾ, സ്പാ സലൂൺ എന്നിവയ്ക്കുള്ള നിരോധനം തുടരും. ഷോപ്പിംഗ് മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല.

മരുന്ന്, അവശ്യസാധന നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് അനുമതി. ഐടി അനുബന്ധ സേവനങ്ങള്‍, ഡാറ്റാ കോള്‍ സെന്റര്‍ എന്നിവയ്ക്ക് അനുമതി. കോള്‍ഡ് സ്റ്റോറേജുകള്‍, വെയര്‍ഹൗസിംഗ് സേവനങ്ങള്‍ എന്നിവയ്ക്ക് അനുമതി. സ്വകാര്യ സെക്യൂരിറ്റി സേവനങ്ങള്‍, സ്വയം തൊഴില്‍ സേവനങ്ങള്‍ എന്നിവയ്ക്ക് അനുമതി.

അവശ്യവസ്തുക്കളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട വ്യവസായ ശാലകൾക്ക് പ്രവർത്തിക്കാൻ അനുമതി.

പ്രദേശത്തുള്ള തൊഴിലാളികളെ ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനത്തിന് അനുമതി. തൊഴിലാളികളെ പുറത്തുനിന്നും കൊണ്ടുവരാൻ അനുമതി ഇല്ല.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കാം.

റെഡ് സോണിൽ ഉൾപ്പെടുന്ന കോവിഡ് ബാധിത മേഖലകളല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ, വ്യാവസായിക പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, കാർഷിക പ്രവർത്തനങ്ങൾ, മൃഗസംരക്ഷണം, തോട്ടകൃഷി, ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം, അംഗനവാടി തുടങ്ങിയവയ്ക്ക് പ്രവർത്തനാനുമതി. എല്ലാ കടകൾക്കും പ്രവർത്തിക്കാം.

ഓറഞ്ച് സോണിലെ നിയന്ത്രണങ്ങളും  ഇളവുകളും

ഡ്രൈവറും ഒരു യാത്രക്കാരനുമുള്ള ടാക്‌സികള്‍ക്ക് അനുമതി. അന്തര്‍ ജില്ലാ യാത്രകള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം.

നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ട് യാത്രക്കാര്‍ക്ക് അനുമതി.ഇരുചക്രവാഹനങ്ങളില്‍ രണ്ട് പേർക്ക് യാത്രചെയ്യാം.

ഗ്രീൻ സോൺ നിയന്ത്രണങ്ങളും  ഇളവുകളും

രാജ്യവ്യാപകമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അല്ലാത്ത എല്ലാ കാര്യങ്ങൾക്കും സേവനങ്ങൾക്കും പ്രവർത്തനാനുമതി.

50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് ജില്ലയ്ക്കുള്ളിൽ ബസ് സർവീസുകൾ നടത്താം. 50 ശതമാനം ജീവനക്കാരുമായി ബസ് ഡിപ്പോകള്‍ക്ക് പ്രവര്‍ത്തിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button