കൊല്ലത്ത് കോവിഡ് രോഗിയായ ആർഎസ്പി നേതാവിന്റെ രോഗവിവരം മറച്ചുവെച്ചെന്ന് ഷിബു ബേബിജോൺ
കൊല്ലം : കോവിഡ് ചികിത്സയിൽ കഴിയുന്ന ആർ.എസ്.പി.ലോക്കൽ സെക്രട്ടറിയായ ജനപ്രതിനിധിയുടെ കോവിഡ് രോഗവിവരം മറച്ചുവെച്ചെന്ന് മുൻമന്ത്രി ഷിബു ബേബിജോൺ ആരോപിച്ചു. ജനപ്രതിനിധി കോവിഡ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യമന്ത്രി വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ കൊല്ലത്ത് ആർക്കും രോഗബാധയില്ലെന്നാണ് പറഞ്ഞത്. നാലോളംപേർ ജില്ലയിൽ കോവിഡ് ബാധിതരാണെന്നാണ് അനൗദ്യോഗികമായ വിവരമെന്നും, പല ജില്ലകളിലും കോവിഡ് ബാധിച്ചവരുടെ കണക്കുകൾ പുറത്തു വിടുന്നില്ലന്നും ഷിബു ബേബിജോൺ ആരോപിച്ചു.
28-നാണ് ലോക്കൽ സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കെടുത്തത്. ബുധനാഴ്ച രാത്രി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. രോഗബാധിതനായ പാർട്ടി ലോക്കൽ സെക്രട്ടറിയുമായി പലതവണ ഫോണിൽ സംസാരിച്ചു. ഇടുക്കിയടക്കം പല ജില്ലകളിലും ഇങ്ങനെ കോവിഡ് കണക്കുകൾ മറച്ചുവെച്ചതായി വിവരമുണ്ടന്നും ഷിബു ബേബിജോൺ പറയുന്നു.
കോവിഡ് ബാധിതനായ ആർ.എസ്.പി.നേതാവിന്റെ പിതാവ് പ്രായമേറിയയാളും പിതാവിന്റെ സഹോദരി കിടപ്പുരോഗിയുമാണ്. ഭാര്യ പ്രതിരോധശേഷിയില്ലാത്ത രോഗം ബാധിച്ചയാളുമാണ്. ഇതുവരെ അവരുടെ സ്രവം പരിശോധനയ്ക്കെടുക്കാൻ ആരും വന്നിട്ടില്ല. ഇത് വലിയ ചതിയാണ്. ഇത് ഒരു ജനാധിപത്യ ഗവൺമെന്റിൽനിന്ന് പ്രതീക്ഷിക്കുന്നതല്ലയെന്നും ഷിബു ബേബിജോൺ പറയുന്നു.
കോവിഡ് കേസുകളുടെ യഥാർത്ഥ കണക്ക് മറച്ചു വയ്ക്കുന്നത് ആരോഗ്യരംഗത്ത് കേരളം നേടിയെന്നു പറയുന്ന നേട്ടം നഷ്ടപ്പെടുമെന്ന ഭീതികൊണ്ടാണോ. അതോ നാലാംതീയതി ബിവറേജസ് തുറക്കുന്നത് സുഗമമാക്കാനാണോ.
മുഖ്യമന്ത്രിയ്ക്ക് വിവരം നൽകാത്തതാണോ അതോ മുഖ്യമന്ത്രി വിവരം മറച്ചുവയ്ക്കുന്നതാണോ?. മുഖ്യമന്ത്രിയിൽനിന്ന് വിവരം മറച്ചുവെച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്കെതിരേ നടപടിയെടുക്കണം. അല്ലാത്തപക്ഷം മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെയാവും ഷിബു ബേബിജോൺ പറഞ്ഞു.
Posted by Shibu Babyjohn on Thursday, April 30, 2020