News

കോട്ടയത്ത് ചില മേഖലകളില്‍ നിയന്ത്രണങ്ങളോടെ ഇളവ് അനുവദിച്ചു

കോട്ടയം : ജില്ലയിലെ ഹോട്ട് സ്പോട്ടുകളില്‍ ജനങ്ങള്‍  അത്യാവശ്യത്തിനു മാത്രം  പുറത്തിറങ്ങാന്‍ അനുവദിച്ചും കണ്ടെയന്‍മെന്‍റ് മേഖലയില്‍ വീടിന് പുറത്ത് സഞ്ചരിക്കുന്നത് നിരോധിച്ചും കഴിഞ്ഞ ദിവസം പുറത്തിറിക്കിയ ഉത്തരവിലെ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ചില മേഖലകളില്‍ ജില്ലാ ഭരണകൂടം ഇളവ് അനുവദിച്ചു.

ഇതനുസരിച്ച് ഹോട്ട് സ്പോട്ടുകളില്‍ പാചകവാതകവിതരണം, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, എന്നിവയ്ക്ക് സാധാരണ നിലയിൽ  പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.

കണ്ടെയ്ൻമെൻ്റ് മേഖലകളും ഹോട്ട് സ്പോട്ടുകളും ഒഴികെയുള്ള മേഖലകളിൽ അവശ്യ സേവന നിയമത്തിന്‍റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം, വിതരണം, വില്‍പ്പന എന്നിവ നടത്തുന്ന സ്ഥാപനങ്ങള്‍ വൈകുന്നേരം അഞ്ചുവരെ  പ്രവര്‍ത്തിക്കാം.

ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസിനു മാത്രമാണ് അനുമതി. ഏഴു മണി വരെ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി എട്ടു മണി വരെ അനുവദിക്കും. പാചകവാതക വിതരണം, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, എന്നിവയ്ക്ക് സാധാരണ നിലയിൽ  പ്രവര്‍ത്തിക്കാം.

അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട തൊഴില്‍ വകുപ്പ് ഓഫീസുകള്‍, കോവിഡ് കെയര്‍ സെന്‍ററുകളുടെ ക്രമീകരണവുമായി ബന്ധപ്പെട്ട പൊതുമരാമത്ത് കെട്ടിട വിഭാഗം ഓഫീസുകള്‍, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട യാത്രാ സൗകര്യങ്ങളൊരുക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം, എക്സൈസ് വകുപ്പ് എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

എന്നാൽ കോവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയില്‍  പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button