ഡൽഹിയിൽ 122 സിആർപിഎഫ് ജവാന്മാർക്ക് കോവിഡ്
ന്യൂഡൽഹി : മയൂർ വിഹാറിലെ സിആർപിഎഫ് ക്യാമ്പിലെ 122 ജവാന്മാർക്ക് കോവിഡ് ബാധ. 31ാം ബറ്റാലിയൻ സിആർപിഎഫ് ക്യാമ്പാണ് തീവ്രകൊവിഡ് ബാധിത മേഖലകളിൽ ഒന്നായി മാറിയത്. ആകെ 350 ജവാന്മാരിൽ ഇതുവരെ രോഗികളായത് 122 പേരാണ്. 150 പേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്.
നേരത്തെ ക്യാമ്പിലെ ഒരു ജവാൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ശ്രീനഗറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അസമിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക്ഡൗൺ വന്നതിനാൽ ഡൽഹി ക്യാമ്പിൽ തങ്ങുകയായിരുന്നു. ഇദ്ദേഹത്തിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടർന്നതെന്നാണ് കരുതുന്നത്.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു. നിലവിൽ ക്യാമ്പ് പൂർണ്ണമായി അടച്ചിരിക്കുകയാണ്. ഐടിബിപിയിലെ അഞ്ച് സൈനികര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 59 പേര്‍ക്ക് ഡൽഹി പൊലീസിലും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സേനയിലെ എല്ലാവരെയും പരിശോധന നടത്തുമെന്ന് പൊലീസ് കമ്മീഷണര് അറിയിച്ചു. രണ്ട് ഡിസിപിമാര്‍ ഉൾപ്പടെ നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരെ നിരീക്ഷണത്തിലാണ്.