News
അഞ്ചലിൽ രണ്ടുതവണ പാമ്പ് കടിയേറ്റ യുവതി മരിച്ച സംഭവം കൊലപാതകം
കൊല്ലം : കൊല്ലം അഞ്ചലിൽ രണ്ടുതവണ പാമ്പ് കടിയേറ്റ ഉത്ര എന്ന യുവതി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഭർത്താവ് സൂരജ് പോലീസിനോട് സമ്മതിച്ചു. സാമ്പത്തിക ലാഭത്തിനു വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് വിവരം. ഏറം വെള്ളിശ്ശേരി വിജയസേനന്റെയും മണിമേഖലയുടെയും മകളാണ് ഉത്ര(25). ഭർത്താവ് സൂരജിന്റെ അറസ്റ്റ് ഉടനുണ്ടാകും.
മാർച്ച് രണ്ടിന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടിൽവെച്ച് ഉത്രയെ ആദ്യം പാമ്പ് കടിച്ചത്. അണലി വർഗത്തിൽ പെട്ട പാമ്പാണ് അന്ന് ഉത്രയെ കടിച്ചത്. പിന്നീട് ചികിത്സയിലിരിക്കെ കുടുംബവീട്ടിൽവെച്ച് മേയ് ഏഴിന് രണ്ടാമതും പാമ്പ് കടിച്ചു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇടതുകയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്. മൂർഖൻ പാമ്പാണ് രണ്ടാംവട്ടം ഉത്രയെ കടിച്ചത്. ഉത്രയെ പാമ്പ് കടിച്ച രണ്ടുതവണയും സൂരജ് ഒപ്പമുണ്ടായിരുന്നു.
എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയാണ്. ജനലുകള്‍ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്നാണ് ബന്ധുക്കളുടെ സംശയം.മാത്രമല്ല ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റ മാർച്ച് രണ്ടിന് അടൂരിലെ ഒരു ബാങ്കിലെ ലോക്കറിൽ വെച്ചിരുന്ന ഉത്രയുടെ 92 പവൻ സ്വർണം സൂരജ് എടുത്തിരുന്നു. യുവതിയുടെ മരണം സ്ഥിരീകരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികയും സംശയങ്ങള്‍ക്ക് കാരണമായി.
തുടർന്നുണ്ടായ സംശയത്തിൽ ഉത്രയുടെ മാതാപിതാക്കൾ കൊട്ടാരക്കര റൂറൽ എസ്.പി. ഹരിശങ്കറിന് പരാതി നൽകി. തുടർന്ന് എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ വൈകിട്ട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി അശോക് കുമാറിനായിരുന്നു അന്വേഷണ ചുമതല. തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ കല്ലുവാതുക്കലിലെ ഒരു പാമ്പ് പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി തവണ ഇയാളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് 10000 രൂപയ്ക്ക് കൊടുംവിഷമുള്ള കരിമൂര്‍ഖനെ സൂരജ് വാങ്ങിയതായി കണ്ടെത്തിയത്. പാമ്പുമായി ബന്ധപ്പെട്ട വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്യാനാണ് പാമ്പിനെ വാങ്ങുന്നതെന്നാണ് സൂരജ് ഇയാളോട് പറഞ്ഞിരുന്നത്. സൂരജിനെയും പാമ്പുപിടുത്തക്കാരനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഉത്രയെ സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സംഭവത്തിൽ സൂരജിന്റെ അകന്ന ബന്ധുവിനും പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സൂരജും ബന്ധുവുമാണ് കേസിൽ പ്രതികളാകാൻ സാധ്യത. പാമ്പുപിടുത്തക്കാരൻ പ്രധാനസാക്ഷിയായേക്കും.