News
മൂവാറ്റുപുഴയിൽ വാഹനപകടത്തിൽ മൂന്ന് മരണം
കൊച്ചി : മുവാറ്റുപുഴയ്ക്കടുത്ത് മേക്കടമ്പിൽ ഉണ്ടായ വാഹനപകടത്തിൽ മൂന്ന് മരണം. വാളകം എലവുങ്ങത്തടത്തിൽ നിധിൻ ബാബു(35), വാളകം എല്ലാൽ അശ്വിൻ ജോയ്(29), മേക്കടമ്പ് വാളാംകോട്ട് ബേസിൽ ജോർജ്(30) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റപ്പള്ളിൽ ലെതീഷ് (32), വാളകം കൂട്ടാട്ടുകുടിയിൽ സാഗർ സെൽവകുമാർ (19), റിയോൺ ഷെയ്ഖ്, അമർ ബിലാൽ, ജയദീപ് എന്നിവർക്ക് പരിക്കേറ്റു.
പൂവളളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകനാണ് മരിച്ച ബേസിൽ ജോർജ്. കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയ്ക്ക് പോയ സ്വിഫ്റ്റ് ഡിസൈർ കാറാണ് മേക്കടമ്പ് പള്ളിതാഴെവച്ച് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട വാഹനം അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറി. ഇന്നലെ രാത്രിയായിരുന്നു അപകടം.
മരിച്ച മൂന്ന് പേരും കാറിൽ സഞ്ചരിച്ചവരാണ്. വാളകം സ്വദേശിയും സ്നേഹ ഡെക്കറേഷൻ ഉടമയുമായ ബാബുവിന്റെ കാറാണ് അപകടത്തിൽപെട്ടത്. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും അപകടത്തിൽ പെട്ടു. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.