News
ടിപി ഓർമ്മയായിട്ട് ഇന്ന് എട്ടു വർഷം
കോഴിക്കോട് : ആർ എം പി നേതാവ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് എട്ടു വർഷം. 2012 മെയ് നാല് രാത്രി ഒഞ്ചിയത്ത് വച്ചാണ് ടിപി ചന്ദ്രശേഖരനെ വെട്ടി കൊന്നത്. സിപിഎം നേതൃത്വം പ്രതിക്കൂട്ടിലായ വധക്കേസിൽ പ്രതികൾ ജയിലിലാണ്. ടി പി യുടെ ഓർമ ഉണർത്തുന്ന ഒഞ്ചിയത്തെ രക്തസാക്ഷി മണ്ഡപത്തിൽ ആർ എം പി നേതാക്കൾ പുഷ്പാർച്ചന നടത്തും.
സിപിഎമ്മിന്റെ പല നിലപാടുകളിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്ന ടിപി ചന്ദ്രശേഖരൻ പാർട്ടിയിൽ നിന്നും വഴിമാറി 2009 ൽ ഒഞ്ചിയം ആസ്ഥാനമാക്കി റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി എന്ന ആർഎംപി ആരംഭിച്ചു. തുടർന്ന് സിപിഎമ്മിന് വലിയതോതിൽ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് ആർഎംപി പിടിച്ചെടുത്തു. ഇതിനുപിന്നാലെയാണ് ടി പി കൊല്ലപ്പെടുന്നത്.
2012 മെയ് 4 ന് രാത്രി 10 മണിക്ക് വടകരയ്ക്കടുത്തുള്ള വള്ളിക്കാട് വെച്ച് ഒരു സംഘം അക്രമികൾ ബോംബെറിഞ്ഞ ശേഷം ടിപി ചന്ദ്രശേഖരനെ 51വെട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎമ്മിന് നേർക്ക് സംശയമുന നീണ്ട ടിപി വധം അക്കാലത്ത് കേരളത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമായിരുന്നു.
തുടർന്ന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ 3 സിപിഎം നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്നുവർഷം കഠിനതടവിനും ശിക്ഷിച്ചു. ടിപി ചന്ദ്രശേഖരന്റെ വധത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചിരുന്നു.