മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താൻ ഇനി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപേക്ഷിക്കാം
തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാനായി ഇനി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മാത്രം അപേക്ഷിച്ചാല്‍ മതി. രജിസ്ട്രേഷന്‍ നടപടി ലളിതവും സുഗമവുമാക്കാനാണ് നോര്‍ക്ക രജിസ്ട്രേഷന്‍ ഒഴിവാക്കിയത്. നോര്‍ക്കയില്‍ മടക്കയാത്രാ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും അല്ലാത്തവര്‍ക്കും ഡിജിറ്റല്‍ പാസിനായി www.covid19jagratha.kerala.nic.n ല്‍ അപേക്ഷിക്കാം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ലഭിച്ച നമ്പർ ഉപയോഗിച്ച് പോര്‍ട്ടലിലെ പബ്ലിക് സര്‍വീസ് ഓപ്ഷനില്‍ ട്രാവല്‍ പാസിനായും അപേക്ഷിക്കണം. മൊബെല്‍ നമ്പർ, വാഹന നമ്പർ, ചെക്ക് പോസ്റ്റ്, എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.
ഒരേ വാഹനത്തില്‍ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെയോ അല്ലാത്തവരെയോ ഉള്‍പ്പെടുത്തി ഗ്രൂപ്പ് തയ്യാറാക്കി വിവരങ്ങളും നല്‍കണം.
കലക്ടര്‍മാര്‍ അപേക്ഷകന്റെ മൊബൈല്‍ ഫോണ്‍, ഇ മെയില്‍ വഴി പാസ് ലഭ്യമാക്കും. അനുമതി ലഭിച്ചവര്‍ക്ക് നിര്‍ദിഷ്ട ദിവസം യാത്ര തിരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ വരാം.
അഞ്ച് സീറ്റുള്ള വാഹനത്തില്‍ നാലും ഏഴു സീറ്റുള്ള വാഹനത്തില്‍ അഞ്ചും വാനില്‍ 10 ഉം ബസില്‍ 25ഉം പേര്‍ക്ക് യാത്ര ചെയ്യാം. ചെക്ക് പോസ്റ്റുവരെ വാടകവാഹനത്തില്‍ വരുന്നവര്‍ സംസ്ഥാനത്ത് യാത്ര ചെയ്യാന്‍ സ്വയം വാഹനം ക്രമീകരിക്കണം. ഈ വാഹനങ്ങളില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കൂ.
ഡ്രൈവര്‍ യാത്രയ്ക്കുശേഷം ഹോം ക്വാറന്റൈനില്‍ പോകണം. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കുള്ള മടക്കയാത്രാ പാസ് കലക്ടര്‍മാര്‍ വഴി ലഭ്യമാക്കും.
ചെക്ക് പോസ്റ്റില്‍ വൈദ്യപരിശോധന നടത്തണം. എല്ലാ യാത്രക്കാരും കോവിഡ്–19 ജാഗ്രതാ മൊബൈല്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാന്‍ പോകുന്നവര്‍ക്ക് യാത്രയ്ക്കും തിരിച്ചുവരാനുമുള്ള പാസുകള്‍ക്ക് യാത്രക്കാരന്റെ ജില്ലാ കലക്ടറാണ് പാസ് നല്‍കേണ്ടത്. യാത്രയുമായി ബന്ധപ്പെട്ട് അവിചാരിത ബുദ്ധിമുട്ടുണ്ടായാല്‍ അതത് ചെക്ക് പോസ്റ്റുകളുമായോ സെക്രട്ടറിയറ്റിലെ വാര്‍ റൂമുമായോ (ഫോണ്‍: 0471 2781100, 2781101) ബന്ധപ്പെടാം.
www.covid19jagratha.kerala.nic.in