ലോക്ക്ഡൌൺ നീട്ടൽ:പ്രധാനമന്ത്രി രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
ഡൽഹി : 21 ദിവസമായി രാജ്യത്ത് തുടരുന്ന ലോക്ക്ഡൗണ്‍ ഇന്ന് അവസാനിയ്ക്കുന്ന പശ്ചാത്തലത്തിൽ പുതിയ കേന്ദ്ര മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗണ്‍ നീട്ടണമെന്നു വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതിനിടെ, പ്രധാനമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിക്കും.
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരാതെ, വൈറസ് വ്യാപനത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് രാജ്യത്തെ മൂന്നു സോണുകളായി തിരിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ സാധ്യതയുണ്ട്. വ്യാവസായിക, സാമ്പത്തിക മേഖലകളില്‍ ഇളവുകള്‍ നല്കി ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കും.
എന്തായാലും നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൌൺ തുടരുമെന്ന കാര്യത്തിൽ സംശയമില്ല. ഏതൊക്കെ മേഖലകളിലാണ് ഇളവുകൾ പ്രഖ്യാപിക്കുകയെന്നും, ഇളവുകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്നും പ്രധാനമന്ത്രിയുടെ അഭിസംബോധനയോട് കൂടി മാത്രമേ വ്യക്തതയുണ്ടാകൂ.
തെലുങ്കാന, പഞ്ചാബ്, മഹാരാഷ്ട്ര, ഒഡീഷ, കര്‍ണാടക, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി ഉത്തരവ് ഇറക്കിയിട്ടുണ്ട്. കേരളത്തിലും നിയന്ത്രണങ്ങൾ കർശനമായി തന്നെ തുടരും. എന്നാൽ, നിയന്ത്രണങ്ങളോട് കൂടിയ ഇളവുകൾ ഇതൊക്കെ മേഖലകളിൽ നൽകണമെന്ന് കേന്ദ്ര തീരുമാനം അറിഞ്ഞശേഷം മാത്രമേ സംസ്ഥാനം തീരുമാനിയ്ക്കൂ എന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.