പ്രവാസികൾക്ക് 14 ദിവസം ക്വാറന്റൈൻ നിർബന്ധമെന്ന് കേന്ദ്രം
ന്യൂഡൽഹി : മടങ്ങിയെത്തുന്ന പ്രവാസികളെ 14 ദിവസം സർക്കാർ ഒരുക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ നിർബന്ധമായും നിരീക്ഷണത്തിൽ വയ്ക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകി. ക്വാറന്റൈൻ നിർദ്ദേശങ്ങൾ വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ഇന്ന് വൈകിട്ട് കത്തയച്ചു.
മടങ്ങിയെത്തുന്നവർക്ക് ആവശ്യമായ ക്വാറന്റൈൻ സൗകര്യം സംസ്ഥാന സർക്കാരുകൾ ഒരുക്കണം. മടങ്ങിയെത്തുന്ന പ്രവാസികൾ ഏത് ജില്ലക്കാരാണോ അതത് ജില്ലകളിലായിരിക്കണം ഇവർക്ക് പരമാവധി ക്വാറന്റൈൻ സൗകര്യം ഒരുക്കേണ്ടതെന്നും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
മടങ്ങിയെത്തുന്നവരുടെ പട്ടിക, അവർ എത്തുന്നതിനു മുന്നേ തന്നെ വിദേശകാര്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറും. ഇവരുടെ എണ്ണത്തിന് അനുസരിച്ച് സംസ്ഥാന സർക്കാരുകൾ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തണമെന്നും മുന്നൊരുക്കങ്ങൾ സംബന്ധിച്ച വിവരം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
അതേസമയം, കേരളം 7 ദിവസം മാത്രമേ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവാസികളെ പാർപ്പിക്കുകയുള്ളൂ. ബാക്കി 7 ദിവസം ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് സംസ്ഥാന സർക്കാർ നിർദ്ദേശം.