Top Stories

പ്രവാസികൾ നാളെ മുതൽ നാട്ടിലേക്ക്

കൊച്ചി : നാളെ മുതൽ പ്രവാസികൾ നാട്ടിലേക്ക് എത്തിത്തുടങ്ങും.
അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾ നാളെ നെടുമ്പാശ്ശേരി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തും. 179 പേരാണ് നാളെ നെടുമ്പാശ്ശേരിയിൽ എത്തുന്നത്. ഏഴ് ദിവസമാണ് ഇവര്‍ക്ക് ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തുക.
ഏഴ് ദിവസത്തിന് ശേഷമുള്ള പരിശോധനയിക്ക് ശേഷമാണ് ഇവരുടെ വീടുകളിലേക്കുള്ള മടക്കം തീരുമാനിക്കുക. ചെറിയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വീടുകളിലായിരിക്കും ക്വാറന്‍റൈനില്‍ തുടരേണ്ടത്.

ഗൾഫ് രാജ്യങ്ങളിൽ നിന്നും മലേഷ്യയിൽ നിന്നുമായി 2150 പ്രവാസികളാണ് ആദ്യ ഘട്ട രക്ഷാ ദൗത്യം വഴി നെടുമ്പാശേരി വിമാനത്താവളത്തിലെത്തുക. നാളെ മുതൽ 13 വരെയുള്ള 7 ദിവസങ്ങളിൽ പത്ത് വിമാന സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയാൻ  ഹോട്ടൽ സൗകര്യം വേണ്ടവർക്ക് പണം ഈടാക്കി അത് നൽകും. മറ്റുള്ളവർക്കായി സർക്കാർ സൗജന്യമായി ഒരുക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്.

വീടുകളും ഹോസ്റ്റലുകളും ഉള്‍പ്പെടെ 4000 മുറികളാണ് എറണാകുളത്ത് നിരീക്ഷണ കേന്ദ്രങ്ങളായി സജ്ജീകരിച്ചിരികരിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയില്‍ നാല്‍പ്പതിനായിരം പേര്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. വിമാനത്താവളങ്ങളിൽ നിന്ന് പ്രവാസികളെ നിരീക്ഷണ കേന്ദ്രങ്ങളിലേക് എത്തിക്കാനുള്ള വാഹനങ്ങളും തയ്യാറായിക്കഴിഞ്ഞു. തിരുവനന്തപുരത്ത് 11217 പേർക്ക് സർക്കാർ ചെലവിൽ നിരീക്ഷണത്തിൽ കഴിയുന്നതിനും 6471 പേർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

വിമാനത്താവളത്തിൽ പ്രത്യേക ഡോർ തെർമൽ സ്‌കാനർ ഉപയോഗിക്കും. രോഗ ലക്ഷണം കണ്ടെത്തുന്നവരെ കൊവിഡ് കെയർ ആശുപത്രിയിലേക്ക് മാറ്റും. യാത്രക്കാരുമായി അടുത്തിടപഴകുന്നവർക്ക് പിപിഇ കിറ്റ് ഉറപ്പാക്കും. അണുനശീകരണം ചെയ്ത ശേഷമാകും ലഗേജുകൾ വിട്ടുനൽകുക. സാമൂഹിക അകലം പാലിച്ചാവും ക്യൂ ഒരുക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാനായി പ്രത്യേക മോക്ഡ്രില്ലും വിമാനത്താവളത്തിൽ നടത്തി.

കൊച്ചി തുറമുഖം വഴി നാവിക സേനയും ഒന്നാം ഘട്ടത്തിൽ ആയിരം പ്രവാസികളെ നാട്ടിൽ എത്തിയ്ക്കും. മാലി ദ്വീപിൽ നിന്നാണ് ആദ്യം പ്രവാസികളെ എത്തിക്കുന്നത്. സമുദ്ര സേതുവെന്ന പേരിലാണ് നേവിയുടെ രക്ഷാ ദൗത്യം. സേനയുടെ ഐഎൻഎസ് ജലാശ്വ, ഐഎൻഎസ് മഗർ എന്നീ കപ്പലുകൾ മാലിദ്വീപിലേക്ക് തിരിച്ചു. പ്രവാസികളുമായി മറ്റന്നാൾ കപ്പലുകൾ മടങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button