രാജ്യത്ത് കൊവിഡ് ബാധിതർ അര ലക്ഷത്തിലേക്ക്
ഡൽഹി : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അൻപതിനായിരത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 2958 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗബാധിതർ 49,391 ആയി. 24 മണിക്കൂറിനിടെ 126 മരണംകൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ മരിച്ചവരുടെ എണ്ണം 1694 ആയി.
രാജ്യത്ത് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലാണ് രോഗവ്യാപനം തീവ്രം. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 15,525 ആയി. 617 മരണമാണ് റിപ്പോർട്ട് ചെയ്തത്. 6245 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 368 മരണവും 3049 പേർക്ക് രോഗം സ്ഥിരീകരിച്ച മധ്യപ്രദേശിൽ 176 മരണവും റിപ്പോർട്ട് ചെയ്തു. പശ്ചിമബംഗാളിൽ 1344 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 140 ആയി. തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 4058 ആയി. 33 പേരാണ് തമിഴ്നാട്ടിൽ മരിച്ചത്. മധ്യപ്രദേശിൽ 11 പേരും ബംഗാളിൽ ഏഴുപേരും രാജസ്ഥാനിൽ അഞ്ചു പേരും മരിച്ചു.
ത്രിപുരയിൽ അതിർത്തി രക്ഷാ സേനയിലെ 13 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ധലൈയിലുള്ള 13 ബിഎസ്എഫ് ജവാൻമാർക്ക് ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ത്രിപുരയിലെ കോവിഡ് രോഗികളുടെ എണ്ണം 42 ആയി. ധലൈ ജില്ലയിലെ അംബാസ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഎസ്എഫ് 138 ബറ്റാലിയൻ ആസ്ഥാനത്താണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് 28.71 ശതമാനമായിട്ടുണ്ട്. 14,183 പേരാണ് ഇതിനോടകം രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചത്.
അതേസമയം, വിവിധ ഗൾഫ് രാജ്യങ്ങളിലായി പതിനായിരത്തിലധികം ഇന്ത്യക്കാർക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇതുവരെ രോഗം ബാധിച്ച് 84 പേരാണ് മരിച്ചത്. ഇതിൽ കൂടുതലും മലയാളികളാണ്.