ആന്ധ്രയിൽ വിഷവാതക ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി
ഹൈദരാബാദ് : വിശാഖപട്ടണത്ത് വിഷവാതക ചോർച്ചയെ തുടർന്ന് മരിച്ചവരുടെ എണ്ണം 11 ആയി.8 വയസ്സുള്ള ഒരു കുട്ടിയും മരിച്ചവരിൽ പ്പെടുന്നു. വിഷവാതകം ശ്വസിച്ച നൂറിലേറേ പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി ആളുകളുടെ നില ഗുരുതരമാണ്. ഫാക്ടറിക്ക് സമീപത്തുള്ള ഗ്രാമങ്ങളിൽനിന്ന് മൂവായിരത്തോളം പേരെ അധികൃതർ ഒഴിപ്പിച്ചു.
അതേസമയം, വിഷവാതക ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോടെ വെന്റിലേറ്ററിൽ ചികിത്സയിലുള്ളവർക്ക് 10 ലക്ഷം രൂപയും രണ്ട്, മൂന്ന് ദിവസംകൂടി ആശുപത്രിയിൽ ചികിത്സ തുടരേണ്ടവർക്ക് ഒരു ലക്ഷം രൂപയും പ്രാഥമിക പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ടവർക്ക് 25,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി അറിയിച്ചു.
വാതക ചോർച്ച ബാധിച്ച ഫാക്ടറിക്ക് ചുറ്റുമുള്ള കുടുംബങ്ങൾക്ക് 10,000 രൂപ വീതവും കന്നുകാലികളെ നഷ്ടപ്പെട്ടവർക്ക് 20,000 രൂപ വീതവും നഷ്ടപരിഹാരം ലഭിക്കും. വാതക ചോർച്ച അന്വേഷിക്കാൻ സ്പെഷ്യൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചതായും ജഗൻമോഹൻ റെഡ്ഡി വ്യക്തമാക്കി.
ആർ.ആർ വെങ്കിടാപുരത്തെ എൽജി പോളിമെർ ഫാക്ടറിയിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് വാതകചോർച്ച ഉണ്ടായത്. ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഫാക്ടറി കഴിഞ്ഞ ദിവസമാണ് തുറന്നത്. ഉറക്കത്തിനിടയിലാണ് പലരും മരിച്ചത്. വിഷവാതകം ശ്വസിച്ചാണ് മിക്ക ആളുകളും ഉറക്കമുണർന്നത്. തുടർന്ന് അന്തരീക്ഷത്തിലെ പുകയും ശ്വസനതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് പലരും വീടുകളിൽനിന്ന് ഇറങ്ങി ഓടി. ഓടുന്നതിനിടയിൽ പലരും കുഴഞ്ഞ് വീണു.