വന്ദേ ഭാരത് മിഷൻ:വിമാനത്താവളത്തിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ അധികൃതർ പുറത്തിറക്കി
ന്യൂഡൽഹി : വന്ദേ ഭാരത് മിഷനിലൂടെ പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോൾ വിമാനത്താവളത്തിൽ പാലിക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച മാർഗരേഖ എയർ പോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ പുറത്ത് ഇറക്കി. പ്രവാസികളുമായി എത്തുന്ന വിമാനങ്ങളിൽനിന്ന് ഇരുപതുപേരുള്ള സംഘം ആയാകും യാത്രക്കാരെ പുറത്തിറക്കുക. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണിത്.
വിദേശ രാജ്യങ്ങളിൽനിന്ന് വരുന്ന വിമാനങ്ങൾ ലാൻഡ് ചെയ്ത ശേഷം മുൻ നിശ്ചയിച്ച എയ്റോ ബ്രിഡ്ജിൽ മാത്രമേ കൊണ്ട് പോകാവൂ. വിമാനത്തിന് പുറത്തെത്തുന്ന പ്രവാസികളെ എയ്റോ ബ്രിഡ്ജിന് പുറത്ത് പ്രത്യേകമായി നിശ്ചിയിച്ചിരിക്കുന്ന സ്ഥലത്ത് വച്ച് താപ പരിശോധന നടത്തും. താപ പരിശോധനയ്ക്ക് ശേഷം കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയവരുടെ ഇരുപതോ മുപ്പതോ പേർ അടങ്ങുന്ന സംഘത്തെ സി.ഐ.എസ്.എഫ്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് കൈമാറും. കോവിഡ് രോഗികൾ ഉണ്ടെങ്കിൽ അവരെ വിമാനത്താവളത്തിന് പുറത്തേക്ക് പ്രത്യേക വഴിയിലൂടെ കൊണ്ട് പോകും.
എമിഗ്രേഷൻ, കസ്റ്റംസ്, സുരക്ഷ എന്നിവയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ യാത്രക്കാരിൽനിന്ന് കൃത്യമായ അകലം പാലിക്കണമെന്ന് എയർ പോർട്ട് അതോറിട്ടി നിർദേശിച്ചിട്ടുണ്ട്. കഴിയുമെങ്കിൽ ഇവർ ഗ്ലാസ് ഷീൽഡ് ഉൾപ്പടെ ഉപയോഗിക്കണം. അതേസമയം പ്രവാസികൾ വരുന്ന വിമാനവുമായി ബന്ധപ്പെടുന്ന വിമാനത്താവളത്തിലെ എല്ലാ ജീവനക്കാരും പി.പി.ഇ. കിറ്റുകൾ ധരിക്കണം.
ലഗേജുകൾ അണുവിമുക്തമാക്കിയ ശേഷമേ പ്രവാസികൾക്ക് നൽകുകയുള്ളൂ. കസ്റ്റംസ് ക്ലിയറൻസ് പരമാവധി വേഗത്തിൽ നടത്തണം. ഇതിനായി കൂടുതൽ ജീവനക്കാരെ നിയമിക്കണം. എയർപോർട്ട് മാനേജ്മെന്റ് പ്രവാസികൾക്ക് ചായ, കാപ്പി, ലഘു ഭക്ഷണം എന്നിവ നൽകണമെന്നും മാർഗ്ഗ രേഖയിൽ നിർദേശിച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ തിരക്ക് ഉണ്ടാകാതെ ഇരിക്കാൻ വ്യത്യസ്ത സമയങ്ങളിലാണ് പ്രവാസികളും ആയി വരുന്ന വിമാനങ്ങൾ ഇറങ്ങുന്നതെന്ന് എയർ ട്രാഫിക് കൺട്രോളിന്റെ ചുമതല ഉള്ള ഉദ്യോഗസ്ഥൻ ഉറപ്പു വരുത്തണമെന്ന് എയർ പോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ പുറത്ത് ഇറക്കിയ മാർഗ്ഗ രേഖയിൽ വിശദീകരിച്ചിട്ടുണ്ട്.