വിശാഖപട്ടണത്ത് വിഷവാതകചോർച്ച;5 മരണം
ഹൈദരാബാദ് : വിശാഖപട്ടണത്ത് വിഷവാതകചോർച്ചയെ തുടർന്ന് ഒരു കുട്ടിയുൾപ്പെടെ 5 പേർ മരിച്ചു. നിരവധിപേർ ബോധരഹിതരായി. ആർ.ആർ വെങ്കിടാപുരത്തെ എൽജി പോളിമെർ ഫാക്ടറിയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് വാതകചോർച്ച ഉണ്ടായത്. അഞ്ചുകിലോമീറ്റർ പരിധിയിൽ വിഷവാതകം ചോർന്നതായി സൂചനയുണ്ട്. ആളുകൾ പുറത്തിറങ്ങരുതെന്ന് നിർദേശ നൽകിയിട്ടുണ്ട്. 20 ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്. ആളുകൾ വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. രാവിലെ ആറു മണിയോടെ ചോർച്ച തടയാനായെന്നാണ് റിപ്പോർട്ട്.
നിരവധി പേർ ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കുഴഞ്ഞു വീണു. നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തുള്ള വീടുകളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വീടുകളിൽ നിന്ന് പുറത്തിറങ്ങിയവർക്ക് ശ്വാസതടസവും ഛർദ്ദിയും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേരും.ആംബുലൻസുകൾ, ഫയർ എൻജിനുകൾ, പോലീസ് എന്നിവർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.