Top Stories

അബുദാബിയിൽ നിന്ന്  പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി

കൊച്ചി : വന്ദേ ഭാരത് മിഷന്റെ ഭാഗമായി അബുദാബിയിൽ നിന്ന്  പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. രാത്രി 10:08 നാണ് എയർ ഇന്ത്യയുടെ IX 452 വിമാനം  181 പ്രവാസി മലയാളികളുമായി നെടുമ്പാശ്ശേരിയിലെത്തിയത് .

നാല് കുട്ടികളും 49 ഗർഭിണികളും  വിമാനത്തിൽ നാട്ടിലേക്കെത്തി. വിമാനത്തിലെ യാത്രക്കാരെ 30 പേരെ വീതം ആറ് ബാച്ചുകളായാണ് ഇറക്കുക. ഇവരെ ആദ്യം തെർമൽ സ്കാനറിലൂടെ കയറ്റും ആർക്കെങ്കിലും രോഗ ലക്ഷണം കാണിച്ചാൽ ഇവരെ ഉടൻ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും.

എമിഗ്രേഷൻ നടപടികൾക്കായി അഞ്ച് കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. പത്ത് ജീവനക്കാരാണ് ഇവിടെയുള്ളത്. പരമാവധി ഒന്നര മിനുട്ടിൽ നടപടികൾ പൂർത്തിയാക്കും. തുടർന്ന് ക്വാറന്റീനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകും. അഞ്ച് മിനുട്ടാണ് ഈ ക്ലാസിന്റെ ദൈർഘ്യം. ജില്ലാ ഭരണകൂടമാണ് ക്ലാസെടുക്കുന്നത്. പിന്നീട് ക്വാറന്റീൻ ലംഘിക്കില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങും. പിന്നീട് ജില്ല തിരിച്ച് യാത്രക്കാരെ ഇരുത്തും. അതിന് ശേഷം ഇവരെ ക്വാറന്റീനിലേക്ക് മാറ്റും. ഇതിനായി എട്ട് കെഎസ്ആർടിസി ബസുകളും 40 ടാക്സികളും നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.

യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂർ – 73, പാലക്കാട് – 13, മലപ്പുറം – 23, കാസർകോട് – 1, ആലപ്പുഴ -15, കോട്ടയം – 13, പത്തനംതിട്ട – 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്. ഇതിൽ എറണാകുളത്തുള്ളവരെയും കാസർകോട് സ്വദേശിയെയും കളമശേരിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കാകും മാറ്റുക. കൂടുതൽ പേർ തൃശൂർ ജില്ലയിൽ ആയതിനാൽ മൂന്ന് ബസുകൾ ഗുരുവായൂരിലെ ക്വാറന്റയ്നിലേക്ക് ഉണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button