Top Stories
വന്ദേ ഭാരത് മിഷന്റെ ആദ്യഘട്ടം വിജയകരം
കോഴിക്കോട്/കൊച്ചി : വന്ദേ ഭാരത് മിഷന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. 363 ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ വ്യാഴാഴ്ച രാത്രി കേരളത്തിലെത്തി. നെടുമ്പാശ്ശേരിയിലും കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലു മായിട്ടാണ് പ്രവാസികൾ വന്നിറങ്ങിയത്. അബുദാബിയിൽ നിന്നും ദുബായിൽ നിന്നുമാണ് പ്രവാസികൾ എത്തിയത്.
അബുദാബിയിയിൽ നിന്ന് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം രാത്രി 10:08 ന് നെടുമ്പാശ്ശേരി
വിമാനത്താവളത്തിലെത്തി. നാല് കുട്ടികളും 49 ഗർഭിണികളും അടക്കം 181 പ്രവാസി മലയാളികളുമായാണ് എയർ ഇന്ത്യ വിമാനം
നെടുമ്പാശ്ശേരിയിലെത്തിയത്. ഇവരിൽ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂർ – 73, പാലക്കാട് – 13, മലപ്പുറം – 23, കാസർകോട് – 1, ആലപ്പുഴ -15, കോട്ടയം – 13, പത്തനംതിട്ട – 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്.
ദുബായിയിൽ നിന്ന് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് Ix 344 വിമാനം രാത്രി 10:32 ന് കരിപ്പൂർ വിമാനത്താവളത്തിലെത്തി. 52 പുരുഷന്മാരും 22 സ്ത്രീകളും ഉൾപ്പെടെ 182 പ്രവാസി മലയാളികളാണ് നാട്ടിലെത്തിയത്. ഇവരിൽ 74 പേർ കോഴിക്കോട് സ്വദേശികളാണ്.
നാട്ടിലെത്തിയവരിൽ ഗർഭിണികൾ, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾ, 75 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവരെ സ്വന്തം വീടുകളിൽ പ്രത്യേക നിരീക്ഷണത്തിലേക്ക് അയച്ചു. ഇവരെ ആരോഗ്യവകുപ്പിന്റെ കർശനമായ നിരീക്ഷണത്തിൽ തന്നെയാകും വീട്ടിൽ തുടരാൻ അനുവദിക്കുക. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാർത്ഥം അതാത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രവാസികൾക്കായി സജ്ജമാക്കിയ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി.
ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം കർശനമായ ആരോഗ്യ പരിശോധന നടത്തി പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തുന്നവരെ വീട്ടിലേക്ക് അയയ്ക്കും. പൂർണമായ സുരക്ഷ ഉറപ്പാക്കി ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തിലാകും ഇവർ വീടുകളിൽ കഴിയുക.