Top Stories
വന്ദേ ഭാരത് മിഷൻ:ബഹറിനിൽ നിന്നുള്ള വിമാനം നെടുമ്പാശ്ശേരിയിലെത്തി
കൊച്ചി : വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ബഹറിനിൽ നിന്നും പ്രവാസികളുമായുള്ള വിമാനം നെടുമ്പാശ്ശേരി
വിമാനത്താവളത്തിലെത്തി. 177 പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള എയർ ഇന്ത്യ വിമാനം 11.35 ഓടുകൂടിയാണ് നെടുമ്പാശ്ശേരിയിലെത്തിയത്.
മടങ്ങിയെത്തിയ പ്രവാസികളിൽ 37 പേർ തൃശൂർ ജില്ലയിൽ നിന്നുള്ള വരും 35 പേർ എറണാകുളത്ത് നിന്നുള്ളവരുമാണ്. കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ നിന്ന് ഓരോരുത്തർ മാത്രമാണുള്ളത്. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിൽ നിന്നും വിമാനത്തിൽ ആളുകളുണ്ട്. ഇതുകൂടാതെ കർണാടകയിൽ നിന്ന് മൂന്നു പേരും ഒരു തമിഴ്നാട് സ്വദേശിയും ഫ്ളൈറ്റിൽ എത്തിയിട്ടുണ്ട്.
എയ്റോ ബ്രിഡ്ജിൽവെച്ച് യാത്രക്കാരെ തെർമ്മൽ പരിശോധനക്ക് വിധേയരാക്കും. വിവര ശേഖരണത്തിനു ശേഷം എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കും. ഗർഭിണികൾ, കുട്ടികൾ, 70 വയസിനു മുകളിൽ പ്രായമുള്ളവർ, തുടർ ചികിത്സയ്ക്കെത്തുന്നവർ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും. മറ്റുള്ളവരെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിന് വിധേയരാക്കും.