Top Stories
വന്ദേ ഭാരത് മിഷൻ: സൗദിയിൽ നിന്നുള്ള ആദ്യ വിമാനം കരിപ്പൂരിലെത്തി
കോഴിക്കോട് : വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി സൗദിയിലെ റിയാദിൽ നിന്നും പ്രവാസികളുമായുള്ള ആദ്യ വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 152 പേരടങ്ങുന്ന പ്രവാസി സംഘമാണ് കരിപ്പൂരിലെത്തിയത്. സൗദി സമയം ഉച്ചക്ക് 12.45ന് റിയാദ് കിങ് ഖാലിദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് പ്രവാസികളുമായി എയര്‍ ഇന്ത്യയുടെ എ ഐ 922 വിമാനം പറന്നുയര്‍ന്നത്.
പ്രവാസികളിൽ 103 പേർ സ്ത്രീകളാണ്. ഇതിൽ 84 പേർ ഗർഭിണികളും. 22 കുട്ടികളും 45 പുരുഷന്മാരും സംഘത്തിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നുള്ളവരും കർണാടക, തമിഴ്നാട് സ്വദേശികളായ 10 പേരുമാണ് ഇന്നത്ത വിമാനത്തിൽ എത്തിയത്. യാത്രക്കാരിൽ അഞ്ച് പേർ അടിയന്തര ചികിത്സയ്ക്കെത്തുന്നവരുമാണ്.എഴുപത് വയസിന് മുകളിൽ പ്രായമുള്ള മൂന്നു പേരും അമ്മമാരോടൊപ്പം തിരിച്ചെത്തുന്ന 15 കുട്ടികളും സംഘത്തിലുണ്ട്. ഇരുപത് പേർ കോഴിക്കോട് സ്വദേശികളാണ്. ഇതിൽ 12 ഗർഭിണികളും പത്ത് വയസ്സിന് മേൽ താഴേയുള്ള അഞ്ച് കുട്ടികളും കുട്ടികളും ഉണ്ട്.
എയ്റോ ബ്രിഡ്ജിൽവെച്ച് യാത്രക്കാരെ തെർമ്മൽ പരിശോധനക്ക് വിധേയരാക്കും. വിവര ശേഖരണത്തിനു ശേഷം എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കും.ആരോഗ്യ പ്രശ്നങ്ങളുള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളിലേക്ക് മാറ്റും.
ഗർഭിണികൾ, കുട്ടികൾ, 70 വയസിനു മുകളിൽ പ്രായമുള്ളവർ, തുടർ ചികിത്സയ്ക്കെത്തുന്നവർ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും. മറ്റുള്ളവരെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിന് വിധേയരാക്കും.