ലാലിയുടെ ഹൃദയം ലീനയിൽ മിടിച്ചു തുടങ്ങി
കൊച്ചി : തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്ററിൽ പറന്നെത്തിയ ലാലിയുടെ ഹൃദയം ലീനയിൽ മിടിച്ചു തുടങ്ങി. ലിസി ആശുപത്രിയിൽ നടന്ന ഹൃദയ ശസ്‌ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പിന്നിട്ടു. കൃത്യം 6.12 ന് ലാലിയുടെ ഹൃദയം ലീനയിൽ മിടിച്ചു തുടങ്ങി.
മസ്‌തിഷ്‌ക മരണം സംഭവിച്ച ലാലി ഗോപകുമാർ എന്ന അധ്യാപികയുടെ ഹൃദയവുമായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ 3.50ഓടെയാണ് കൊച്ചിയില്‍ എത്തിയത്. ഗ്രാന്‍ഡ് ഹയാത്ത് ഹെലിപാഡിലിറങ്ങിയ ഹെലികോപ്‌ടറില്‍ നിന്ന് റോഡ് മാര്‍ഗം ഹൃദയം ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ച അധ്യാപിക ലാലി ഗോപകുമാറിന്റെ ഹൃദയമാണ് സര്‍ക്കാര്‍ അവയവദാന സംവിധാനം വഴി എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള കോതമംഗലം സ്വദേശിനിക്ക് നല്‍കിയത്.
ലിസി ആശുപത്രിയിലെ ഡോക്‌ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അവയവദാനത്തിനായി ഹൃദയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. തുടർന്ന് റോഡ് മാർഗം തിരുവനന്തപുരം എയർപോർട്ടിൽ എത്തി അവിടെ നിന്നും ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തുകയായിരുന്നു. സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യമായിരുന്നു ഇത്.