സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് പേർക്കു കൂടി ഇന്ന് (ശനിയാഴ്ച) കോവിഡ്-19 സ്ഥിരീകരിച്ചു. ഇവർ രണ്ടുപേരും കഴിഞ്ഞദിവസം വിദേശത്തുനിന്നു വന്നരാണ്. ഏഴാംതിയതി ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയിൽനിന്ന് കൊച്ചിയിൽ എത്തിയ വിമാനത്തിലും വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കൊച്ചിയിലും കോഴിക്കോട്ടും ചികിത്സയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് 505 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ നിലവിൽ ചികിത്സയിലുണ്ട്. 23,930 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 23,596 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 334 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്ന് 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 36,648 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 36,002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 3,475 സാമ്പിളുകൾ ശേഖരിച്ചതിൽ 3,231 എണ്ണം നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.