Top Stories

ഐഎൻഎസ് ജലാശ്വ കൊച്ചി തീരമണഞ്ഞു

കൊച്ചി : ഓപ്പറേഷൻ ‘സമുദ്രസേതു’ വിന്റെ ആദ്യ ദൗത്യം മാലെദ്വീപിലെ പ്രവാസികളായ മലയാളികളെയും കൊണ്ട്  ഐ.എൻ.എസ്. ജലാശ്വ കൊച്ചി തീരമണഞ്ഞു. കപ്പലിലുള്ള 698 യാത്രക്കാരിൽ 440 പേർ മലയാളികളാണ്. കേരളമടക്കം 20 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലുള്ളത്. കൊച്ചി തീരത്തെത്തിയ ജലശ്വയെ നാവികസേനയുടെ ഹെലികോപ്ടറിന്റേയും പൈലറ്റ് ബോട്ടുകളുടേയും അകമ്പടിയിലാണ് പോർട്ടിലേക്ക് എത്തിച്ചത്.

19 ഗർഭിണികളും 14 കുട്ടികളുമുണ്ട് ജലാശ്വയിൽ. വ്യാഴാഴ്ചയാണ് കപ്പൽ മാലെ തുറമുഖത്തെത്തിയത്. മാലെ പോർട്ടിൽ സുരക്ഷാപരിശോധനകൾക്കുശേഷമാണ് യാത്രക്കാരെ തുറമുഖത്തെത്തിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് കപ്പൽ മാലെദ്വീപിൽനിന്ന് കൊച്ചിയിലേക്ക് തിരിച്ചത്. ലോക്ഡൗണിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ നാവികസേന അയച്ച രണ്ടുകപ്പലുകളിൽ ആദ്യത്തേതാണിത്.

മലയാളികൾ കഴിഞ്ഞാൽ തമിഴ്നാട്ടിൽനിന്നുള്ളവരാണ് കൂടുതൽ– 187 പേർ. ആന്ധ്രപ്രദേശ് (8), അസം (1), ഡൽഹി (4), ഗോവ (1), ഹരിയാന (3), ഹിമാചൽപ്രദേശ് (3), ജാർഖണ്ഡ് (2), കർണാടക (8), ലക്ഷദ്വീപ് (4), മധ്യപ്രദേശ് (2), മഹാരാഷ്ട്ര (3), ഒഡിഷ (2), പുതുച്ചേരി (2), രാജസ്ഥാൻ (3), തെലങ്കാന (9), ഉത്തർപ്രദേശ് (2), ഉത്തരാഖണ്ഡ്, -പശ്ചിമബംഗാൾ (ഏഴുവീതം) എന്നിങ്ങനെയാണ് മറ്റുള്ളവർ.

കൊച്ചി പോർട്ടിൽ ഇവർക്ക് എല്ലാ സുരക്ഷാ പരിശോധനാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കപ്പലിലും ഡോക്ടർമാരുടെ സംഘമുണ്ടായിരുന്നു. കപ്പലിലുള്ള മറ്റു സംസ്ഥാനങ്ങളിലുള്ളവരേയും കൊച്ചിയിൽ തന്നെയാണ് നിരീക്ഷണത്തിൽ വെക്കുക. കേരളത്തിലെ മറ്റ് ജില്ലകളിലുള്ളവരെ അതത് ജില്ലകളിലേക്ക് അയക്കും. അവർക്ക് അതതു ജില്ലകളിലായിരിക്കും നിരീക്ഷണം.  ഓപ്പറേഷൻ ‘സമുദ്രസേതു’ വിന്റെ ഭാഗമായ നാവികസേനയുടെ മറ്റൊരു കപ്പൽ ഐ.എൻ.എസ്. മഗർ അടുത്തദിവസം ദ്വീപിലെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button